മലയോരത്ത് വരൾച്ച രൂക്ഷം; ചെറു പുഴകളും നീരുറവകളും വറ്റിവരണ്ടു
text_fieldsഇരിട്ടി: മലയോരത്ത് വരൾച്ച രൂക്ഷമാകുന്നതിന്റെ നേർക്കാഴ്ചയാണ് അയ്യൻകുന്നിലെ വറ്റി വരണ്ട കുണ്ടൂർ പുഴ. നിറഞ്ഞൊഴുകി മറഞ്ഞ പുഴയിൽ ഇപ്പോൾ ചെറുനീർച്ചാലുകൾപോലും ഇല്ല. നാലുമാസം മുമ്പ് ആർത്തലച്ച് തീരങ്ങളെ നക്കിത്തുടച്ച് പോയ പുഴയിൽ ഇപ്പോൾ നീർപക്ഷികൾക്ക് പോലും തൊണ്ട നനക്കാനുള്ള വെള്ളമില്ല. വേനൽ കടുക്കും മുമ്പേ പുഴ വറ്റിവരണ്ടതാണ് ആശങ്കയുയർത്തുന്നത്.
കേരളം, കർണാടക വനാതിർത്തിയിൽ നിന്നും ഉത്ഭവിച്ച് അയ്യൻകുന്നിലെ ഗ്രാമങ്ങളെ ജലസമൃദ്ധമാക്കി ബാരാപോൾ പുഴവഴി വളപട്ടണം പുഴയിലേക്ക് എത്തുന്നിടത്ത് ഇപ്പോൾ ചെറിയ ചെറിയ കുഴികളിൽ കാൽപാദം നനക്കാനുള്ള വെള്ളം മാത്രമാണ് ഉള്ളത്. ഒരാഴ്ച പിന്നിടുന്നതോടെ ഇതും ഇല്ലാതാവും.
മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കണ്ണീർ ചാലുകൾ പോലെ ഒഴുകിയിരുന്ന പുഴയുടെ ഇന്നത്തെ അവസ്ഥയാണിത്. ജനുവരി ആദ്യവാരം തന്നെ ഒഴുക്ക് പൂർണമായും കുറഞ്ഞിരുന്നു.
മലയോരത്തെ പ്രധാന പുഴകളിലെല്ലാം നീരൊഴുക്ക് നേർത്തു. കക്കുവ പുഴയിലും നീരൊഴുക്ക് കുറഞ്ഞതോടെ ആദിവാസികൾ താമസിക്കുന്ന ആറളം ആദിവാസി പുനരധിവാസ മേഖല രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. മുൻകാലങ്ങളിലൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ആറളം ഫാം, വിയറ്റ്നാം, കക്കുവ, കൊക്കോട്, ആറളം, കീഴ്പ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പുഴയുടെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വീടുകളിലെ കിണറുകളിൽ ജലനിരപ്പും ഉണ്ടായിരുന്നത്. വെമ്പുഴ തോട്, കാക്കത്തോട്, പുന്നക്കുണ്ട് തോട് എന്നിവയും വറ്റിവരണ്ടു. പുഴകളിലെ വെള്ളം വറ്റിയതോടെ കിണറുകളിലെ വെള്ളവും താഴ്ന്നു തുടങ്ങി.
പുഴയുടെ ജലസാമീപ്യം പ്രതീക്ഷിച്ച് കൃഷിയിറക്കിയ അസംഖ്യം കർഷകരുടെ പച്ചക്കറി, വാഴകൃഷികളാണ് കടുത്ത വരൾച്ചയിൽ കരിഞ്ഞുണങ്ങാൻ പോവുന്നത്. ഉളിക്കൽ, ആറളം, പായം പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിൽ വെള്ളം എത്തിക്കാനുള്ള നടപടികൾ പഞ്ചായതുകൾ സ്വീകരിച്ചു വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.