ലഹരികടത്ത് വ്യാപകം; അതിർത്തിയിൽ സംയുക്തപരിശോധന
text_fieldsഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് അതിർത്തിയിൽ കേരള- കർണാടക എക്സൈസ് സേനയുടെ സംയുക്ത പരിശോധന. ഓണത്തോടനുബന്ധിച്ച് അനധികൃതമായി ലഹരി വസ്തുക്കൾ വ്യാപകമായി കടത്തുന്നത് തടയുന്നതിനുവേണ്ടി കേരള അതിർത്തിയായ കൂട്ടുപുഴയിൽ ആഗസ്റ്റ് ആറു മുതൽ പരിശോധന ശക്തമാക്കിയിരുന്നു.
ഇതര സംസ്ഥാനത്തുനിന്നുള്ള ടൂറിസ്റ്റ്-സർക്കാർ ബസുകൾ ഉൾപ്പെടെ പരിശോധനക്ക് ശേഷം മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. പരിശോധന തുടങ്ങി ആഴ്ചകൾ കഴിഞ്ഞതോടെ 21 ഗ്രാം കഞ്ചാവും 41 മില്ലി ഗ്രാം എം.ഡി.എം.എയും 12 കിലോയോളം പുകയില ഉൽപന്നങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. ആഗസ്റ്റ് ഒന്നിന് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ടൂറിസ്റ്റ് ബസ്സിൽ നടത്തിയ പരിശോധനയിൽ 1.12 കോടി രൂപയുടെ കുഴൽപണവുമായി അഞ്ച് തമിഴ്നാട് സ്വദേശികളെ പിടികൂടിയിരുന്നു. ഉടമസ്ഥൻ ഇല്ലാതെ പുകയില ഉൽപന്നങ്ങൾ സർക്കാർ ബസുകളിൽ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി കടത്തുന്നതും അതിർത്തിയിൽ നിത്യസംഭവമാണ്.
എക്സൈസ് ചെക്ക് പോസ്റ്റ് കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ സ്ഥാപിച്ചതോടെ മറ്റ് സമാന്തര വഴികളിലൂടെ ലഹരി ഉൽപന്നങ്ങൾ കടത്തുന്നത് നിയന്ത്രിക്കാൻ എക്സൈസിന് കഴിഞ്ഞു.
ബുധനാഴ്ച രാവിലെ 10 മുതൽ 12.30 വരെ നടത്തിയ സംയുക്ത ഓണം സ്പെഷൽ പരിശോധനയിൽ കേരള എക്സൈസ് സംഘത്തിനൊപ്പം കർണാടകയിൽ നിന്നുള്ള ഡെപ്യൂട്ടി എക്സൈസ് ഫ്രണ്ട് നടരാജ്, എക്സൈസ് ഇൻസ്പെക്ടർ ശിവരാജ്, എക്സൈസ് സബ് ഇൻസ്പെക്ടർ ഗണേഷ് എന്നിവരും ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ വി. രജനീഷ്, ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ യേശുദാസൻ, എക്സൈസ് പ്രവന്റിവ് ഓഫിസർമാരായ വി.കെ. വിനോദൻ, അബ്ദുൽ ബഷീർ, പി.സി. വാസുദേവൻ, കെ. ശശികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ്, അഖിൽ, ശ്രീനാഥ്, ആദർശ്, അനിൽ കുമാർ, രമീഷ്, ഷൈബി കുര്യൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ദൃശ്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.