ചുരംപാതയിൽ മാലിന്യം തള്ളൽ: കർശന നടപടിയുമായി അധികൃതർ
text_fieldsഇരിട്ടി: മാക്കൂട്ടം ചുരംപാതയിലെ വനമേഖലകളിൽ മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി നടപടി കർശനമാക്കി കുടക് വന്യജീവി സങ്കേതം അധികൃതർ. ഇതുസംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വനപാലക സംഘം മാലിന്യം തള്ളുകയായിരുന്ന രണ്ടു വാഹനങ്ങൾ പിടികൂടി.
ഇതിൽ ആന്ധ്ര രജിസ്ട്രേഷനുള്ള ലോറി കസ്റ്റഡിയിൽ എടുക്കുകയും ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബുധനാഴ്ച പിടികൂടിയ മറ്റൊരു ലോറിയിൽ ഉണ്ടായിരുന്നവരിൽനിന്ന് 10,000 രൂപ പിഴയായും ഈടാക്കി.
കേരളത്തിൽ ലോഡിറക്കി തിരിച്ചുപോകുന്ന വാഹനങ്ങളാണ് നിരന്തരമായി മാക്കൂട്ടം ചുരം പാതയിലെ വനമേഖലകളിൽ മാലിന്യം തള്ളുന്നതായി പരാതിയുയർന്നത്. കൂട്ടുപുഴ പാലം കടന്നാൽ 16 കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരം പാത പോകുന്നത് ബ്രഹ്മഗിരി വന്യജീവി സങ്കേതം ഉൾപ്പെടുന്ന വനമേഖലയിലൂടെയാണ്.
തലശ്ശേരി, കണ്ണൂർ നഗരങ്ങളിലടക്കം ലോഡിറക്കി പോകുന്ന വാഹനങ്ങളിൽ ചെറിയ തുക നൽകി മാലിന്യം കയറ്റി വിടുകയും ഇവ മാക്കൂട്ടം വനമേഖലകളിൽ തള്ളുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞദിവസം പിടികൂടി പിഴയീടാക്കിയ ലോറിക്കാർക്ക് കൂത്തുപറമ്പിൽനിന്നാണ് 100 രൂപ നൽകി മാലിന്യം നൽകിയതെന്നാണ് സൂചന. വരും ദിവസങ്ങളിലും ചുരം പാതയിൽ കർശന പരിശോധന നടത്താനാണ് കർണാടടക വനം-വന്യജീവി വകുപ്പ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.