എടക്കാനം- ഇടയിൽകുന്ന് റോഡ്; കോൺക്രീറ്റ് ഭിത്തിയിൽ വിള്ളൽ
text_fieldsഇരിട്ടി: നിർമാണത്തിൽ ക്രമക്കേട് ഉണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഇരിട്ടി നഗരസഭയിലെ എടക്കാനം -ഇടയിൽകുന്ന് റോഡിലെ കൾവർട്ടിന്റെ കോൺക്രീറ്റ് ഭീത്തിയിൽ രൂപംകൊണ്ട വൻ വിള്ളൽ ആശങ്കയുണ്ടാക്കുന്നു.
നിർമാണം പൂർത്തിയായി ആറുമാസം തികയുന്നതിന് മുമ്പാണ് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിൽ ഭീത്തിയിൽ വിള്ളൽ രൂപംകൊണ്ടത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എടക്കാനം ഇടയിൽകുന്ന് റോഡിലെ ബോക്സ് കൾവർട്ടർ നിർമിച്ചത്.
25 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ആൻഡ് എൻജിനീയറിങ് വിഭാഗമാണ് പ്രവൃത്തി നിർവഹണം നടത്തിയത്. പഴശ്ശി പദ്ധതി പ്രദേശത്തു കൂടി കടന്നുപോകുന്ന റോഡ് ഉയർത്തുന്നതിന് വേണ്ടിയാണ് കൾവെർട്ട് നിർമിച്ചത്. കൾവെർട്ട് മാത്രം നിർമിച്ച് റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് നിറച്ച ചാക്കുകൾ നിരത്തി മണ്ണിട്ട് ഉയർത്തുകയായിരുന്നു.
വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണ് നിറച്ച ചാക്കുകൾ നശിക്കുന്നതോടെ റോഡ് ഇടിയാനുള്ള സാധ്യത നേരത്തെ തന്നെ പ്രദേശവാസികൾ ആശങ്ക അറിയിച്ചിരുന്നു. പരാതിയെ തുടർന്ന് വിജിലൻസ് സംഘം മേഖലയിൽ പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ ഭിത്തിയിൽ വിള്ളൽ വീണ ഭാഗങ്ങളിലൂടെ വെള്ളം ഇറങ്ങി ഭിത്തിയും അപ്രോച്ച് റോഡും പൂർണമായും തകരാനുള്ള സാധ്യത ഏറുകയാണ്. റോഡ് സംരക്ഷണത്തിന് വെള്ളം കയറുന്ന ഭാഗങ്ങളിൽ ഭിത്തി നിർമിക്കാൻ നഗരസഭ അഞ്ചു ലക്ഷം രൂപ വകയിരുത്തിയതായി വാർഡ് അംഗം കെ. മുരളീധരൻ പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറക്ക് നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.