തെരഞ്ഞെടുപ്പ്: പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്
text_fieldsഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ വൻ സുരക്ഷയൊരുക്കി പൊലീസ്. ഇരിട്ടി സബ് ഡിവിഷനിൽ 1500ഓളം പൊലീസുകാർ തെരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടാവും.
തോക്ക്, ഗ്രനേഡ്, ടിയർ ഗ്യാസ് എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി 24 ഗ്രൂപ് പട്രോളിങ് യൂനിറ്റുകളും 20 ക്രമസമാധാനപാലന മൊബൈൽ യൂനിറ്റുകളും ഡിവൈ.എസ്.പിമാരുടെയും സി.ഐമാരുടെയും സ്ട്രൈക്കിങ് ഫോഴ്സുകളും 24 മണിക്കൂറും റോന്തു ചുറ്റും. ഞായറാഴ്ച വൈകീട്ടു മുതൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ പൊലീസ് നിയന്ത്രണത്തിലാകുമെന്ന് ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ അറിയിച്ചു.
ഒരു മേശയും രണ്ടു കസേരയും മാത്രം അനുവദിച്ചിട്ടുള്ള സ്ലിപ് വിതരണ ബൂത്തുകളാണ് അനുവദിക്കുക. ചിഹ്നങ്ങളോ മറ്റോ പ്രദർശിപ്പിക്കാൻ പാടില്ല. പഞ്ചായത്തിൽ 200 മീറ്ററും നഗരസഭകളിൽ 100 മീറ്ററും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ളിൽ പോളിങ് ജീവനക്കാരും പൊലീസും ക്യൂവിലുള്ള വോട്ടർമാരും അനുവദിക്കപ്പെട്ട ബൂത്ത് ഏജൻറുമാരും സ്ഥാനാർഥികളും പൊലീസും മാത്രമേ പാടുള്ളൂ. ഒന്നുവീതം ഏജൻറുമാരെ മാത്രമേ ബൂത്തിനുള്ളിൽ ഇരുത്തൂ. റിസർവിൽ ഉള്ളവരെ ബൂത്തിനുള്ളിലും വരാന്തയിലും ഇരിക്കാൻ സമ്മതിക്കില്ല.
ഇവരും ദൂരപരിധിക്ക് പുറത്ത് കാത്തിരിക്കണം. പോളിങ് ബൂത്തിനടുത്തുള്ള വീടുകളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വോട്ടർമാർക്ക് കേന്ദ്രീകരിക്കാൻ അവസരം നൽകിയാൽ ഗൃഹനാഥനെതിരെ പൊലീസ് നടപടി സ്വീകരിക്കും. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് ഇല്ലാത്തതിനാൽ അവിടെനിന്ന് അക്രമികൾ എത്താൻ സാധ്യതയുണ്ടെന്ന സൂചനയിൽ പൊലീസ് നടപടി ശക്തമാക്കി.
ഇരിട്ടി സബ് ഡിവിഷനിൽ 419 ബൂത്തുകളാണുള്ളത്. ഇതിൽ 225 എണ്ണം പ്രശ്നസാധ്യത ബൂത്തുകളും 62 എണ്ണം അതീവ പ്രശ്നസാധ്യത ബൂത്തുകളും 38 എണ്ണം മാവോവാദി ഭീഷണി ബൂത്തുകളുമാണ്.
ഇതനുസരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി, സംശയം തോന്നുന്നവർക്കെതിരെ വേണ്ടിവന്നാൽ മുൻകരുതൽ അറസ്റ്റ് നടപടികളുണ്ടാവും.
തെരഞ്ഞെടുപ്പ് സുരക്ഷ നിർവഹണത്തിനായി ഇരിട്ടി സബ് ഡിവിഷനെ മട്ടന്നൂർ, പേരാവൂർ, ഇരിട്ടി എന്നിങ്ങനെ മൂന്ന് താൽക്കാലിക സബ് ഡിവിഷനായി മാറ്റി രണ്ട് ഡിവൈ.എസ്.പിമാരെയും കൂടി നിയോഗിച്ചിട്ടുണ്ട്. ഇരിട്ടിയിൽ നിലവിലുള്ള ഡിവൈ.എസ്.പിക്കും മട്ടന്നൂരിൽ കണ്ണൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിനും പേരാവൂരിൽ ദേവദാസിനും ചുമതല നൽകി.
ലോക്കൽ പൊലീസിന് പുറമെ എം.എസ്.പി, കെ.എ.പി, എ.ആർ എന്നിവിടങ്ങളിൽ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ട് കമ്പനി ദ്രുതകർമ സേനയും പ്ലാറ്റൂൺ തണ്ടർബോൾട്ടും ഇരിട്ടിയിലെത്തി.
പ്രശ്നസാധ്യത കരുതുന്ന 137 ബൂത്തുകളിൽ വെബ് കാമറ നിരീക്ഷണവും 24 ബൂത്തുകളിൽ വിഡിയോഗ്രഫിയും ഏർപ്പെടുത്തും. നിരീക്ഷണ കാമറകൾ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. അക്രമം കണ്ടാൽ സ്ഥലത്തുള്ള പൊലീസുകാർക്ക് മൊബൈൽ ഉപയോഗിച്ച് ദൃശ്യം പകർത്തി മേലുദ്യോഗസ്ഥർക്ക് കൈമാറാനും നിർദേശമുണ്ട്. അടിയന്തര ഘട്ടത്തിൽ വെടിവെക്കാനുള്ള ഉത്തരവ് നൽകാൻ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരും ഉണ്ടാവും.
സബ് ഡിവിഷനിലെ 10 ഇടങ്ങളിൽ റൂട്ട് മാർച്ച് നടത്തി. ബൂത്തിലോ ഇടവഴിയിലോ പ്രശ്നം ഉണ്ടാക്കിയാൽ ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. തെരഞ്ഞെടുപ്പ് ദിവസം 200 മീറ്റർ പരിധിയിൽ കടകളും മറ്റു പ്രത്യേക സംവിധാനങ്ങളും അനുവദിക്കില്ല.
അക്രമം രൂക്ഷമായാൽ ആ ബൂത്തുകളിലെ തെരഞ്ഞെടുപ്പ് നിർത്തി കൂടുതൽ സുരക്ഷയോടെ മറ്റൊരു ദിവസം നടത്താൻ ആവശ്യപ്പെട്ട് പ്രിസൈഡിങ് ഓഫിസർക്ക് പൊലീസ് കത്തുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.