അത്തിത്തട്ട് മേഖലയിൽ ഭീതിവിതച്ച് കാട്ടാന; വനം വകുപ്പിന്റെ ജീപ്പ് തകർത്തു
text_fieldsഇരിട്ടി: ജനവാസ മേഖലയിൽ ഭീതിവിതച്ച് ഇരിട്ടിക്കടുത്ത അത്തിത്തട്ട് ഊവ്വാപ്പള്ളി മേഖലയിൽ കാട്ടാനയിറങ്ങി. ആറളം വന്യജീവി സങ്കേതവും കഴിഞ്ഞ് 20 കിലോമീറ്റർ ദൂരെയുള്ള പ്രദേശത്ത് കാട്ടാന എത്തിയതോടെ ജനം പരിഭ്രാന്തിയിലായി. 10 മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച കാട്ടാനയെ തുരത്തിവിടുന്നതിനിടെ വനം വകുപ്പിന്റെ ജീപ്പ് തകർത്തു. ഇതിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇരിട്ടി നഗരസഭ പരിധിയിലെ ഊവ്വാപ്പള്ളി, അത്തിത്തട്ട് മേഖലയിൽ ബുധനാഴ്ച രാവിലെ ആറോടെയാണ് കാട്ടാനയെത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽനിന്ന് ആറളം ഫാം കാർഷിക മേഖലയിൽ തമ്പടിച്ച കാട്ടാനകളിൽ ഒന്നാണ് അത്തിത്തട്ട് മേഖലയിൽ എത്തിയത്. ഊവ്വാപ്പള്ളിയിലാണ് ആദ്യം കൊമ്പനാനയെ കണ്ടത്. പിന്നീട് ആന അത്തിത്തട്ടിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് നീങ്ങി. തുടർന്ന് വനംവകുപ്പ് അധികൃതരും പൊലീസും നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. ഇരിട്ടി -പേരാവൂർ റോഡും മലയോര ഹൈവേയുടെ ഭാഗമായ എടൂർ -മണത്തണ റോഡും കടന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. ആദ്യം രാവിലെ 10ഓടെ ആനയെ തുരത്തി ഫാമിലേക്കുവിടാനുള്ള ശ്രമം നടത്തിയെങ്കിലും ആന ഭീതിവിതച്ച് പറമ്പിൽ വിരണ്ടോടിയതോടെ അതിനുള്ള ശ്രമം ഉപേക്ഷിച്ചു.
ആനയെ നിരീക്ഷിച്ചുനിന്ന വനപാലകർ ഒടുവിൽ സാഹസികമായി വൈകീട്ട് നാലോടെ ഇരിട്ടി -പേരാവൂർ റോഡ് കടത്തി പായം കടവ് ഭാഗത്തേക്ക് തുരത്തിവിടുകയായിരുന്നു. പ്രദേശത്താകെ മുന്നറിയിപ്പും കനത്ത സുരക്ഷയും ഒരുക്കിയായിരുന്നു ആനയെ തുരത്താൻ തുടങ്ങിയത്. ഇരിട്ടി -പേരാവൂർ റോഡിൽ ഗതാഗതം തടഞ്ഞു. ആളൊഴിഞ്ഞ പറമ്പിൽനിന്ന് പടക്കം പൊട്ടിച്ച്, ആന വന്ന വഴിയെ തുരത്താനായിരുന്നു ശ്രമം. അത്തിത്തട്ട് റോഡിൽ നിന്നും ഇരിട്ടി -പേരാവൂർ റോഡ് കടത്തി ചാക്കാട് റോഡുവഴി പുഴയിലേക്ക് കടത്താനായിരുന്നു പദ്ധതി തയാറാക്കിയത്. പ്രധാന വഴികളെല്ലാം അടച്ച് കാവലും ഏർപ്പെടുത്തി. മെയിൻ റോഡിൽ എത്തിയപ്പോൾ ആന ചാക്കാട് റോഡിൽ പ്രവേശിക്കാതെ ഊവ്വാപ്പള്ളി ഭാഗത്തേക്ക് തിരിഞ്ഞു. ഇതിനിടയിലാണ് റോഡരികിൽ നിർത്തിയ വനം വകുപ്പിന്റെ ജീപ്പ് ആക്രമിച്ചത്. ജീപ്പിൽ സുരക്ഷാ നിർദേശം നൽകി കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്തും ഡ്രൈവറും ഉണ്ടായിരുന്നു. ജീപ്പിന്റെ മുൻഭാഗം ആന കുത്തിപ്പൊക്കി.
രണ്ടാമതും കുത്താനുള്ള ശ്രമത്തിനിടെ ബഹളം കേട്ട് ആനയുടെ ശ്രദ്ധതിരിഞ്ഞു. ഇതാണ് ഇരുവർക്കും രക്ഷയായത്. സ്ഥലത്തുണ്ടായിരുന്ന ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരിയും മറ്റ് പൊലീസുകാരും വാനപാലകരും ഓടിരക്ഷപ്പെട്ടു. വീണ്ടും ആന റോഡിലൂടെ ഇരിട്ടി ഭാഗത്തേക്ക് തിരിഞ്ഞ് സമീപത്തെ വീട്ടുപറമ്പിലൂടെ പായം കടവ് റോഡുവഴി പുഴയിലേക്കിറങ്ങി. അവിടെ നിന്നും ചാക്കാട് വഴി ആറളം പാലത്തിനടിയിലൂടെ ആറളം ഫാമിലേക്ക് കടക്കുകയായിരുന്നു.
ഈ മേഖലയിൽ ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത്. കൂട്ടം തെറ്റി കാട്ടാനകൾ വീണ്ടും എത്തുമോ എന്ന പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.