കാട്ടാന ശല്യം; വാഴക്കുലയും തീറ്റപ്പുല്ലുമായി കുത്തിയിരിപ്പ് സമരം
text_fieldsഇരിട്ടി: പാലപ്പുഴ കൂടലാട്ടെ യുവകർഷകൻ അബ്ദുൽ സാദത്തും തൊഴിലാളികളും ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫിസിന് മുന്നിൽ, കാട്ടാന കുത്തിയിട്ട വാഴക്കുലയും തീറ്റപ്പുല്ലിെൻറ തണ്ടുമായി കുത്തിയിരിപ്പ് സമരം നടത്തിയത് ശ്രദ്ധേയമായി. സാദത്തും കൃഷിയിടത്തിൽ പണിയെടുക്കുന്ന അഞ്ച് സ്ത്രീ തൊഴിലാളികളുമാണ് മണിക്കൂറുകളോളം കുത്തിയിരുന്നത്. രണ്ട് ഏക്കറോളം സ്ഥലത്തെ തീറ്റപ്പുല്ലാണ് ആനകൾ നശിപ്പിച്ചത്.
തുടർന്ന് ഇരിട്ടി എസ്.ഐ ജോസഫ്, ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്നയുമായി സംസാരിച്ച്, സാദത്തിന് നേരത്തെ വനംവകുപ്പ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി. സാദത്തിെൻറ 10 ഏക്കർ കൃഷിയിടത്തിൽ വനംവകുപ്പിെൻറ ചെലവിൽ 10 സൗരോർജ ലൈറ്റുകൾ സ്ഥാപിക്കും. മേഖലയിൽ സ്ഥിരം വനംവകുപ്പ് ജീവനക്കാരെ നിയമിക്കാമെന്നും നാശം സംഭവിച്ച കൃഷിക്കുള്ള നഷ്ടപരിഹാരം പരാതി ലഭിക്കുന്ന മുറക്ക് അനുവദിക്കാമെന്നും ഉറപ്പുലഭിച്ചു. ഇതോടെ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു.
സാദത്തിെൻറ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം എത്തുന്നത് ആറളം ഫാമിൽ നിന്നാണ്. പാലപ്പുഴ കടന്നാണ് ആനക്കൂട്ടം എത്തുന്നത്. 3000 വാഴ നട്ടതിൽ 1000ത്തിൽ അധികം വാഴയും കാട്ടാന നശിപ്പിച്ചു.ആറുമാസത്തിനിടയിൽ 30തോളം തവണ ആനയെത്തിയാണ് നാശം വരുത്തിയത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാഞ്ഞതിനെ തുടർന്നാണ് സമരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.