അനുമതിയില്ലാതെ തൊഴിലുറപ്പ്; മേറ്റിനെ ആറു മാസത്തേക്ക് മാറ്റിനിർത്താൻ ഓംബുഡ്സ്മാൻ നിർദേശം
text_fieldsഇരിട്ടി: പായം പഞ്ചായത്തിൽ പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള പ്രദേശത്ത് അധികൃതരുടെയും പായം പഞ്ചായത്തിന്റെയും അനുമതിയില്ലാതെ നടത്തിയ തൊഴിലുറപ്പു പ്രവൃത്തികൾ നിയമവിരുദ്ധമാണെന്ന് ഓംബുഡ്സ്മാൻ. പഞ്ചായത്തിലെ താമസക്കാരനായ പ്രജീഷ് പ്രഭാകർ ഇത് സംബന്ധിച്ച് ഓംബുഡ്സ്മാന് നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിനൊടുവിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് നടപടി.
പഞ്ചായത്ത് ഭരണസമിതിയുടെ അറിവില്ലാതെ എസ്റ്റിമേറ്റിൽ ഉൾപ്പെടാത്ത സ്ഥലത്തു മറ്റൊരു പ്രവൃത്തിയുടെ മസ്റ്ററോൾ പ്രകാരം ജോലി ചെയ്യിപ്പിച്ചത് മേറ്റിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെയും ഭാഗത്തുള്ള വീഴ്ചയാണ്.
തൊഴിലുറപ്പു തൊഴിലാളികൾക്ക് ജോലിചെയ്ത മുഴുവൻ തുക നൽകാതിരുന്നത് സാങ്കേതിക സംവിധാനത്തിന്റെ തകരാറു മൂലമോ ഭരണപരമായ കാരണങ്ങളാലോ ഉള്ള ന്യായീകരണങ്ങളായി കരുതാനാവില്ല. ഇത് ബന്ധപ്പെട്ട ജീവനക്കാരുടെ ബാധ്യതയാണ്. പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തിലെ ബി.പി.ഒ, ജോയന്റ് ബി.ഡി.ഒ, വി.ഇ.ഒ, പഞ്ചായത്തുതല സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവർ പ്രവൃത്തികൾ സന്ദർശിക്കുകയും അവലോകന യോഗങ്ങൾ നടത്തി ഫീൽഡ്തല പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഇത്തരം പരാതികൾ ഉണ്ടാകില്ലെന്നും ഓംബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു.
തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും അംഗീകൃത എസ്റ്റിമേറ്റുകൾ പ്രകാരമേ നിർവഹണം നടത്താൻ സാധിക്കൂ. അംഗീകൃത എസ്റ്റിമേറ്റില്ലാതെയാണ് ഇറിഗേഷൻ ഡിപ്പാർട്മെന്റിന്റെ സ്ഥലത്ത് കരനെൽക്കൃഷിക്ക് നിലമൊരുക്കൽ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അതേ മസ്റ്ററോൾ ഉപയോഗിച്ച് 33 തൊഴിലാളികളെ 163 തൊഴിൽദിനങ്ങൾ നിർവഹിച്ചിരിക്കുന്നത്.
വീഴ്ചകൾ മേറ്റ് പ്രസന്ന കുമാരിയുടെ ഭാഗത്തുനിന്നാണ് സംഭവിച്ചിരിക്കുന്നത്. അതിനാൽ മേറ്റിനെ ആറു മാസം വരെ തൽസ്ഥാനത്തുനിന്നും മാറ്റിനിർത്തി ഉത്തരവ് പുറപ്പെടുവിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് ഓംബുഡ്സ്മാൻ ഉത്തരവിട്ടു. ഇനിയും പരാതി ഉണ്ടായാൽ ഇവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. പഞ്ചായത്തിന്റെ അറിവോടെ മേറ്റിനെ ശക്തമായി താക്കീതു ചെയ്യുന്നതായും ഉത്തരവിൽ പറയുന്നു.
അതേസമയം നിയമലംഘനം നടന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് നിയോഗിച്ച മേറ്റിന്റെ നേതൃത്വത്തിൽ ജോലി ചെയ്ത 33 തൊഴിലാളികൾക്ക് 163 തൊഴിൽ ദിനങ്ങളുടെ വേതനത്തിന് അർഹതയുണ്ട്. എന്നാൽ ഇവർക്ക് എം.ജി.എൻ.ആർ.ഇ.ജി.എസ് ഫണ്ടിൽനിന്ന് പണം നൽകാൻ പാടില്ല.
വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് നിയമാനുസൃതം ഈടാക്കി മസ്റ്ററോൾ പ്രകാരം ഒപ്പിട്ട അർഹതയുള്ള തൊഴിലാളികൾക്ക് 15 ദിവസത്തിനുള്ളിൽ നൽകുവാൻ ഇരിട്ടി ബി.പി.ഒ, ജെ.പി.സി കണ്ണൂർ എന്നിവരെ ചുമതലപ്പെടുത്തിയതായും ഓംബുഡ്സ്മാന്റെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.