കൂട്ടുപുഴയിൽ എക്സൈസ് ചെക്ക് പോസ്റ്റ് തുറന്നു
text_fieldsഇരിട്ടി: കിളിയന്തറയിലെ എക്സൈസിന്റെ അതിർത്തി ചെക്ക് പോസ്റ്റ് തിങ്കളാഴ്ച്ച മുതൽ കൂട്ടുപുഴയിലേക്ക് മാറിയതോടെ അതിർത്തിയിൽ പരിശോധന ശക്തമാക്കും. കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിന്റെ ഭാഗമായി സംസ്ഥാനാതിർത്തിയായ കൂട്ടുപുഴയിൽ 24 മണിക്കൂറും പരിശോധന ഉണ്ടാവും.
കർണാടകയിൽ നിന്നാണ് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങൾ ജില്ലയിലേക്കും അവിടെ നിന്നും മാറ്റു ഭാഗങ്ങളിലേക്കും എത്തുന്നത്. ഇത് തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റ് തുറന്നുകൊണ്ട് നോർത്ത് സോൺ ജോയന്റ് എക്സൈസ് കമീഷണർ പ്രേംകൃഷ്ണ പറഞ്ഞു.
അതിർത്തി കടന്ന് നിരവധി വാഹനങ്ങൾ എത്തുന്നുണ്ട്. ഇതിൽ എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നത് പ്രായോഗികമല്ലെങ്കിലും പരിശോധനിക്കുന്നത് കുറ്റമറ്റരീതിയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് എക്സൈസ് കമീഷണർ പി.എ. ഷാജി അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എസ്.എ ജില്ല സെക്രട്ടറി രാജേഷ്, ജില്ല പ്രസിഡന്റ് സുകേഷ്കുമാർ, പായം പഞ്ചായത്ത് അംഗം അനിൽ എം. കൃഷ്ണ, എക്സൈസ് ഇൻസ്പെക്ടർ അനീഷ മോഹൻ എന്നിവർ സംസാരിച്ചു.
മാറ്റിയത് കിളിയന്തറയിൽ 39 വർഷം പ്രവർത്തിച്ച ഓഫിസ്
ഇരിട്ടി: 39 വർഷം കിളിയന്തറയിൽ പ്രവർത്തിച്ച ചെക്ക് പോസ്റ്റാണ് കൂട്ടുപുഴയിലേക്ക് മാറ്റിയത്. ഇരിട്ടി-വീരാജ്പേട്ട അന്തർസംസ്ഥാന പാതയിൽ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്താണ് എക്സൈസിന്റെ കണ്ടെയ്നർ ചെക്ക് പോസ്റ്റ്. 21 ലക്ഷം രൂപ ചിലവിൽ നിർമിതി കേന്ദ്രയാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. 40 അടി നീളത്തിൽ 10 അടി വീതിയിൽ സ്ഥാപിച്ച ഓഫിസിൽ സി.ഐ, എസ്.ഐ എന്നിവർക്കുള്ള മുറികളും ഓഫിസ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്.
അകിർത്തി പ്രദേശം കൂട്ടുപുഴയാണെങ്കിലും അവിടെ നിന്നും രണ്ട് കിലോമീറ്ററോളം അകലെ കിളിയന്തറയിലായിരുന്നു 39 വർഷമായി എക്സൈസിന്റെ ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. കൂട്ടുപുഴയിൽ നിന്നും പേരട്ട വഴിയും, കച്ചേരികടവ് പാലം വഴിയും എക്സൈസ് ചെക്ക് പോസ്റ്റ് വെട്ടിച്ച് പോകാനുള്ള സൗകര്യം ഉണ്ടായതോടെ കിളിയന്തറയിൽ ചെക്ക് പോസ്റ്റ്ക്കൊണ്ട് പ്രയോജനം ഇല്ലാതെയായി.
എക്സൈസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ കടത്ത് ശക്തമായതോടെയാണ് കൂട്ടുപുഴയിലേക്ക് ചെക്ക് പോസ്റ്റ് മാറ്റണമെന്നാവശ്യം ശക്തമായത്.
പാൻ ഉൽപ്പന്നങ്ങളുടെ വിൽപന കേരളത്തിൽ നിരോധിച്ചതോടെ കർണാടകയിൽ നിന്ന് വൻതോതിൽ പുകയില ഉൽപന്നങ്ങൾ കൂട്ടുപുഴ വഴി ജില്ലയിലേക്ക് ഒഴുകി. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കിളിയന്തറയിൽ നിന്നുകൊണ്ട് എക്സൈസിന് സാധിച്ചില്ല. എക്സൈസിന്റെ കണ്ണുവെട്ടിച്ച് എത്തുന്ന പാൻ ഉൽപന്നങ്ങളും കഞ്ചാവ് ഉൾപ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളും പൊലീസും പിടികൂടാൻ തുടങ്ങിയതോടെയാണ് കിളിയന്തറയിൽ നിന്നും മാറാൻ നിർബന്ധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.