ഹരിതാഭമായി പെരുമ്പറമ്പിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രം
text_fieldsഇരിട്ടി: മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പായം പഞ്ചായത്തിലെ പെരുമ്പറമ്പിലുള്ള ഇരിട്ടി ഇക്കോപാർക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. ഹരിത ടൂറിസ്സ് കേന്ദ്ര പ്രഖ്യാപനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു.
വിനോദസഞ്ചാര കേന്ദ്രവും അവിടെക്കുള്ള വഴികളും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി പെരുമ്പറമ്പ് ഇക്കോ പാർക്കും തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യ സംസ്കരണം, ശുദ്ധമായ കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഊർജ്ജ സംരക്ഷണം, തുടങ്ങിയ വിവിധ ഘടകങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണുണ്ടാവുക. തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു.
സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളാണ് ഇത്തരത്തിൽ വികസിപ്പിച്ചിട്ടുള്ളത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവയും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി പായം പഞ്ചായത്തിലെ പെരുമ്പറമ്പ് ഇക്കോ പാർക്കും ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയതിന്റെ ഭാഗമായാണ് പാർക്കിനെ ഹരിത ടൂറിസം കേന്ദ്രമായി അംഗീകരിച്ചിട്ടുള്ളത്. അവസ്ഥാപഠനം, തദ്ദേശഭരണ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ, അവതരണം നടത്തൽ, സാധ്യതകൾ, പരിമിതികൾ, നിലവിലെ പ്രശ്നങ്ങൾ, സ്ഥായിയായ പരിഹാരം നടപടികൾ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലും നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ അവസ്ഥാ പഠനവും രണ്ടാം ഘട്ടത്തിൽ സ്ഥാപനതല അവതരണം നടത്തി. കണ്ടെത്തിയ പോരായ്മകൾക്ക് പരിഹാരം കാണുകയും പാർക്കിനെ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിന്റെ ഭാഗമായി ഹരിത ടൂറിസം കേന്ദ്രമായി തിരഞ്ഞെടുത്തത്.
മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന്റ ഭാഗമായി ഇരിട്ടി ബ്ലോക്കിലെ മാതൃക പദ്ധതിയായിട്ടാണ് പായം പഞ്ചായത്തിലെ ഇക്കോ പാർക്കിനെയാണ് തിരഞ്ഞെടുത്തിരുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിസന്റ് അഡ്വ. വിനോദ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. പത്മാവതി, ഹമീദ് കണിയാട്ടേൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി. പ്രമീള, ബിജു കോങ്ങാടൻ, സി. സുശീൽ ബാബു, പി. അശോകൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.