വൈദ്യുതിലൈനിൽ വയർ ഘടിപ്പിച്ച് മീൻപിടിത്തം; മൂന്നംഗ സംഘം പിടിയിൽ
text_fieldsഇരിട്ടി: മലയോരം കേന്ദ്രീകരിച്ച് വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു മീൻപിടിത്തം സജീവം. കഴിഞ്ഞ ദിവസം ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു മീൻ പിടിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി കൈമാറിയ മൂന്നംഗ സംഘത്തിൽ നിന്ന് കെ.എസ്.ഇ.ബി 11,875 രൂപ പിഴ ഈടാക്കി.
വാണിയപ്പാറ സ്വദേശികളായ ബിനോയി, സുബിൻ, അഭിലാഷ് എന്നിവരിൽ നിന്നാണ് അസസ്സിങ് ഓഫിസറായ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എസ്. അൽക്കാസ് പിഴ ചുമത്തിയത്.
ബാരാപോൾ ജലവൈദ്യുതി പദ്ധതി ഉൾപ്പെടെ പ്രവർത്തിക്കുന്ന പുഴയിൽ പാലത്തിൻകടവ് ഭാഗത്ത് ഞായറാഴ്ച രാത്രി മീൻപിടിക്കുന്നതിനിടെയാണ് നാട്ടുകാർ സംഘത്തെ പിടികൂടുന്നത്. സമീപത്തെ വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു പുഴയിലേക്കു നേരേ ഇട്ട നിലയിലായിരുന്നെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പാലത്തിൻകടവ് വാർഡ് അംഗം കൂടിയായ ബിജോയി പ്ലാത്തോട്ടം പറഞ്ഞു.
നാട്ടുകാർ സംഘത്തെ തടഞ്ഞുവെച്ചു പൊലീസിലും കെ.എസ്.ഇ.ബിയിലും അറിയിച്ചു. വള്ളിത്തോട് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ഇ.ജെ.മേരിയുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരും ഇരിട്ടി പൊലീസും സ്ഥലത്തെത്തി സംഘത്തെ കസ്റ്റഡിയിലെടുത്തു.
വൈദ്യുതാഘാതമേറ്റ് 40 കിലോയിലധികം മീൻ ചത്തതായി നാട്ടുകാർ പറഞ്ഞു. വൈദ്യുതി ലൈനിൽ നിന്നു നേരിട്ട് വൈദ്യുതി പ്രവഹിപ്പിച്ചാൽ പുഴയിൽ നിർദിഷ്ട പ്രദേശത്തുള്ള കുഞ്ഞുമീനുകൾ അടക്കം സകല ജീവജാലങ്ങളും ചാകും. ഇന്നലെ പുഴയിൽ നിരവധി കുഞ്ഞുമീനുകളാണ് ചത്തു പൊങ്ങിയത്.
ബാരാപോൾ പുഴയിൽ കനാലിലേക്ക് വെള്ളം ഒഴുക്കി വിടുന്ന ട്രഞ്ച് വിയറിന് മുകളിലായാണ് മീൻപിടിത്തം. കൊടുചൂടിൽ താഴോട്ട് നീരൊഴുക്കു തീരെ കുറഞ്ഞതിനാൽ ഇവിടെ ധാരാളം മീനുകൾ ഉണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി സംഘങ്ങളാണ് മീൻപിടിത്തത്തിന് എത്തുന്നത്.
നഞ്ച് (തുരിശു ചേർന്ന മിശ്രിതം) കലക്കിയാണ് പുറമേ നിന്നെത്തുന്ന സംഘങ്ങളുടെ മീൻപിടിത്തം എന്നാണ് നാട്ടുകാരുടെ പരാതി. പുഴയിൽ കുഞ്ഞുമീനുകൾ ചത്തുപൊന്തുന്ന കാഴ്ച സ്ഥിരമായതോടെ നാട്ടുകാർ പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചു പ്രതിരോധം തീർക്കുന്നുണ്ട്.
ഇന്നലെ പയ്യാവൂർ, ഉളിക്കൽ, കീഴ്പ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ എട്ടു സംഘങ്ങളെ നാട്ടുകാർ മടക്കിവിട്ടിരുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രദേശത്ത് കുടിവെള്ള വിതാനത്തെ അടക്കം ബാധിക്കുന്ന ബാരാപുഴയിൽ അനധികൃത മീൻ ഖനനം അനുവദിക്കില്ലെന്നു പുഴ സംരംക്ഷണ സമിതി അറിയിച്ചു.
മീൻപിടിത്തം നടന്ന കടവിന് സമീപത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് പുഴയിൽ ഇറങ്ങിയപ്പോൾ ചൊറിച്ചിലും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതായും സമിതി ചൂണ്ടിക്കാട്ടി. വാർഡ് അംഗം നൽകിയ പരാതിയെ തുടർന്ന് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സെക്രട്ടറി ഇ.വി.വേണുഗോപാൽ എന്നിവർ പുഴക്കടവ് സന്ദർശിച്ചു.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും നഞ്ച് കലക്കിയുള്ള മീൻപിടിത്തത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യത്തിന് അപായമുണ്ടാക്കുന്നവിധം വെള്ളം മലിനമാക്കുന്ന വകുപ്പുകൾ ചേർത്ത് കേസ് എടുക്കുമെന്ന് ഇരിട്ടി സി.ഐ കെ.ജെ. വിനോയ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.