കാട്ടുതേനീച്ചയുടെ കുത്തേറ്റ് നാലുപേർക്ക് പരിക്ക്
text_fieldsഇരിട്ടി: അങ്ങാടിക്കടവിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് എസ്.എസ്.എൽ.സി വിദ്യാർഥി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ അങ്ങാടിക്കടവ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥി സ്വർണ്ണപ്പള്ളി ഹൗസിൽ ആൽബിൻ ജോർജിന് പരീക്ഷയെഴുതാനായില്ല.
വെള്ളിയാഴ്ച രാവിലെ അങ്ങാടിക്കടവ് ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വഴിയിൽ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വന്ന അങ്ങാടിക്കടവ് വിൻസെന്റ് ഡീപോൾ സൊസൈറ്റി ആംബുലൻസിന്റെ ഡ്രൈവർ ഷിജു മാത്യുവിനെയും (42) തേനീച്ചക്കൂട്ടം ആക്രമിച്ചു.
ആംബുലൻസിൽനിന്ന് പുറത്തിറങ്ങിയ ഉടൻ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് ഷിജു പറഞ്ഞു. ഓടി ആംബുലൻസിൽ തിരികെ കയറിയെങ്കിലും ആംബുലൻസിനകത്തുവെച്ചും കുത്തേറ്റു.
ആംബുലൻസ് ചുമതലക്കാരൻ കൂടിയായ സിബി പിഡിയേക്കൽ സ്ഥലത്തെത്തിയാണ് ഇതേ ആംബുലൻസിൽ ആൽബിനെയും ഷിജുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
മുഖമാസകലം കുത്തേറ്റ് അബോധാവസ്ഥയിലായ ആൽബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആൽബിന് കുത്തേൽക്കുന്നതിനു മുമ്പ് പ്രദേശവാസിയായ പീടികയിൽ ഔസേപ്പച്ചനും മകനും തേനീച്ചയുടെ കുത്തേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.