ഇഞ്ചി വിലയിടിവ്; കർഷകർ ആശങ്കയിൽ
text_fieldsഇരിട്ടി: മലയോര മേഖലയിൽ ഇഞ്ചി കർഷകർ വിലയിടിവ് കാരണം ആശങ്കയിലായി. വിളവെടുപ്പ് സീസൺ തുടങ്ങിയതോടെ ഇഞ്ചിക്ക് വിലയിടിവ് തുടങ്ങി. മുൻ വർഷത്തെ അപേക്ഷിച്ച് പകുതി വിലപോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഏക്കറുകളോളം ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയ കർഷകരാണ് വിലയിടിവുമൂലം കടക്കെണിയിലാകുമെന്ന ആശങ്കയിലായത്. 60 കിലോ തൂക്കം വരുന്ന ഒരുചാക്ക് ഇഞ്ചിക്ക് 700 രൂപയാണ് ഇപ്പോഴത്തെ വില.
അതിനുതന്നെ ആവശ്യക്കാരില്ല. മുൻ വർഷം ഒരുചാക്ക് ഇഞ്ചിക്ക് 1600രൂപ വരെ ലഭിച്ചിരുന്നു. ഇക്കുറിയും ആയിരത്തിന് മുകളിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകരാണ് വിലയിടിവിൽ നട്ടം തിരിയുന്നത്. വില ഉയരുമെന്ന പ്രതീക്ഷയിൽ വിളവെടുക്കാതിരിക്കാനും ആവില്ല. വേനൽ കടുത്തതോടെ ചൂടുകൂടി ഇഞ്ചി മണ്ണിനടിയിൽ നിന്ന് ഉണങ്ങിനശിക്കാൻ തുടങ്ങും. ഇപ്പോഴത്തെ വിലയിൽ വിളവെടുത്താൽ കൂലിപോലും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.
കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ ആവശ്യകത കുറഞ്ഞതും കർണാടകയിലും തമിഴ്നാട്ടിലും ഉൽപാദനം കൂടിയതുമാണ് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയായത്. കേരളത്തിൽ നിന്നുള്ള മലയാളികൾ കർണാടകയിലും തമിഴ്നാട്ടിലും ഭൂമി പാട്ടത്തിനെടുത്ത് ഏക്കറുകളോളം സ്ഥലത്ത് കൃഷി നടത്തിയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് കാരണം ഭൂരിഭാഗം പേർക്കും വിളവെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. അവിടത്തെ കാലാവസ്ഥയിൽ പറിച്ചെടുക്കാത ഇഞ്ചി ഭൂമിക്കടിയിൽ തന്നെ നിലനിർത്താൻ കഴിയുന്നതിനാൽ ഇക്കുറി ഇരട്ടി ഉൽപാദനം ഉണ്ടായതും വിലയിടിവിന് കാരണമായി.
സർക്കാർ കൃഷിഭവൻ മുഖേന കർഷകർക്ക് സൗജന്യമായി ഇഞ്ചിവിത്ത് നൽകുന്ന പദ്ധതിയിൽപെടുത്തി വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ വിളവെടുപ്പ് തുടങ്ങിയത്. ചുക്കിനും മാർക്കറ്റിൽ വിലയിടിഞ്ഞ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.