ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഐ.പി വാർഡ് തുറന്നു; 50 പേരെ കിടത്തിചികിത്സിക്കാൻ സൗകര്യം
text_fieldsഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഐ.പി വാർഡ് 18 വർഷത്തിനുശേഷം തുറന്നു. 3.19 കോടി രൂപ ചെലവിൽ നിർമിച്ച മാതൃ -ശിശു സംരക്ഷണ വാർഡിലാണ് ഗൈനക്കോളജി വിഭാഗത്തിൽ 50 പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയത്.
രണ്ടുമാസം മുമ്പ് ഗൈനക്കോളജി ഒ.പി പ്രവർത്തനം തുടങ്ങിയിരുന്നു. ഓപറേഷൻ തിയറ്റർ ഉൾപ്പെടെ പൂർത്തിയാക്കേണ്ടതിനാൽ ഇപ്പോൾ കിടത്തിചികിത്സ മാത്രമേ ഉണ്ടായിരിക്കൂ. ഒരു മാസത്തിനകം പ്രസവത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓപറേഷൻ തിയറ്ററിലുള്ള ഉപകരണങ്ങൾ വിദേശത്തുനിന്നും എത്തിക്കുന്നതിനുള്ള കാലതാമസം മാത്രമാണുള്ളത്. ഇൗ മാസം 20തോടെ ഉപകരണങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ പറഞ്ഞു.
നഗരസഭയും ആശുപത്രി വികസന സമിതിയും നടത്തിയ ഇടപെടലിന്റെ ഭാഗമായി ഇപ്പോൾ രണ്ട് ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ 10ഓളം ജീവനക്കാരെയും നിയമിച്ചിരുന്നു. ഒരുവർഷം മുമ്പ് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വൈകിയാണെങ്കിലും ഒ.പി.യും ഐ.പിയും ആരംഭിക്കാൻ കഴിഞ്ഞത് മലയോരത്തെ ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഏറെ ആശ്വാസമാണ്.
നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത വാർഡ് ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ. സോയ, അംഗങ്ങളായ കെ. നന്ദനൻ, വി.പി. അബ്ദുൽറഷീദ്, പി.പി. ജയലക്ഷ്മി, പി. രഘു, പി. ഫൈസൽ, എ.കെ. ഷൈജു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. കാദർ, അജയൻ പായം, അയൂബ് പൊയിലൻ, ഡോ. ജ്യോതി, രാജീവൻ, പി.ആർ.ഒ മിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.