ഉരുൾപൊട്ടി, കരകവിഞ്ഞ് പുഴകൾ
text_fieldsഇരിട്ടി: കർണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മണിക്കടവ്, നുച്യാട് പുഴകൾ കരകവിഞ്ഞു. മണിക്കടവ് ചപ്പാത്ത് പാലവും വട്ട്യാംതോട്, വയത്തൂർ പാലങ്ങളും വെള്ളത്തിനടിയിലായി. ബാവലിപ്പുഴ കരകവിഞ്ഞൊഴുകി പാലപ്പുഴ പാലവും വെള്ളത്തിനടിയിലായി. തുടർന്നു ആറളം ഫാം-പാലപ്പുഴ റൂട്ടിൽ ഗതാഗതം നിലച്ചു. ഫാമും ആറളം വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. ചേംതോട് പാലം സമാന്തര പാതക്ക് മുകളിലൂടെ വെള്ളം ഒഴുകിയതിനെത്തുടർന്നു ആറളം-മണത്തണ മലയോര ഹൈവേയിലും ഗതാഗതം തടസപ്പെട്ടു.
തോട് കരകവിഞ്ഞ് വെള്ളം കയറിയതിനാൽ ഉളിയിൽ ഗവ. യു.പി സ്കൂളിന് ഇന്നലെ അവധി നൽകി. വട്ടക്കയം പാലവും വെള്ളത്തിനടിയിലായി. ബാരാപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പേരട്ടയിൽ മരം കടപുഴകി ജൂമാമജ്സിദിനു മുകളിലേക്കു വൈദ്യുതി തൂണുകൾ മറിഞ്ഞുവീണു. അഞ്ച് വൈദ്യുതി തൂണുകളാണ് നിലംപൊത്തിയത്.
പേരട്ട-മട്ടിണി റോഡിൽ ഗതാഗതം നിലച്ചു. ആറളം ഒടാക്കലിൽ ബാബു തറപ്പേലിന്റെ വീടിന് മുകളിലേക്ക് മരം വീണു. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, വാർഡ് മെംബർ ജെസ്സി ഉമ്മികുഴി എന്നിവർ സന്ദർശിച്ചു.
അംഗൻവാടിയുടെ മതിൽ ഇടിഞ്ഞു
അയ്യൻകുന്നിൽ ചരൾ അംഗൻവാടിയുടെ മതിൽ ഇടിഞ്ഞു. രണ്ടാംകടവ് വാളത്തോട് പഴനിലത്ത് ബിനീഷിന്റെ വീട് പിറകുവശം ഇടിഞ്ഞു അപകടത്തിലായി. പായത്തും നാശനഷ്ടം ഉണ്ടായി. ഉളിക്കൽ പഞ്ചായത്ത് അംഗം ബിജു വെങ്ങനപ്പള്ളിയുടെ വീട്ടുമതിൽ തകർന്നു. പടിയൂർ പുലിക്കാട് മണിയാലിൽ രാജന്റെ വീടിനു പിറകിലെ മതിൽ ഇടിഞ്ഞു വൈദ്യുതി തൂൺ അപകടത്തിലായി. വീട് ഭീഷണിയിലാണ്. ഇരിട്ടി ഐ.ബിക്കു സമീപം കോൺക്രീറ്റ് റോഡിന്റെ സംരക്ഷണ ഭിത്തി മൂന്ന് മീറ്റർ ഉയരത്തിലും മൂന്ന് മീറ്റർ വീതിയിലും ഇടിഞ്ഞു. അടിവശത്ത് മണ്ണ് ഇടിഞ്ഞുപോയ നിലയിൽ റോഡ് അപകടത്തിലാണ്.
ഉളിയിൽ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഉളിയിൽ-പാച്ചിലാളം, ഉളിയിൽ-മുല്ലേരിക്കണ്ടി-കല്ലേരിക്കൽ റോഡുകൾ വെള്ളത്തിനടിയിലാണ്. പാച്ചിലാളം റോഡ് മണ്ണിടിച്ചിൽ മൂലം വൻ അപകട ഭീഷണിയിലാണ്. തോട് കടന്നുപോകുന്ന സമീപത്തെ പറമ്പുകളിലെല്ലാം വെള്ളം കയറി കൃഷിനാശമുണ്ടായി. കുന്നിൻകീഴിൽ-അത്തപുഞ്ച റോഡ്, പാലത്തിന് സമീപം പൂർണമായും വെള്ളത്തിലായി. ഈ ഭാഗത്ത് വയൽ മുഴുവൻ വെള്ളത്തിനടിയിലാണ്. കൃഷിയും നാശത്തിലാണ്.
തോട് കരകവിഞ്ഞു വെള്ളം മൈതാനത്തേക്കു പ്രവേശിച്ചു. ഉളിയിൽ ഗവ. യു.പി സ്കൂളിന് ഇന്നലെ അവധി നൽകി. കാലാങ്കിയിൽ ഓരത്തേൽ ജോർജിന്റെ വീടിനു മുകളിൽ മരം വീണു കേടുപാട് സംഭവിച്ചു. കാലാങ്കി പഴയ പള്ളി ഗ്രൗണ്ടിൽ പണിത സ്റ്റേജിന്റെ ഒരു ഭാഗവും മതിൽക്കെട്ടും 15 മീറ്ററോളം ഇടിഞ്ഞു. മൂന്ന് മീറ്റർ ഉയരത്തിലുള്ള കെട്ടാണു ഇടിഞ്ഞത്. ആറളം ചെടിക്കുളം സ്വദേശി പെരുന്തയിൽ മറിയം-ശാകിറ എന്നിവരുടെ വീടിനു മുകളിലേക്ക് കനത്ത മഴയിൽ തെങ്ങ് കടപുഴകി. വീടിന് കേടുപാട് സംഭവിച്ചു.
വീടിന്റെ ചുറ്റുമതിൽ തകർന്നു
പഴയങ്ങാടി: കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് തകർന്നു. വെങ്ങര ശാസ്താം നഗറിലെ എം.വി. ശ്യാമളയുടെ വീടിന്റെ ചുറ്റുമതിലാണ് തകർന്ന്. മതിലിന്റെ തകർച്ചയിൽ സമീപത്തെ വൈദ്യുതി തുണിനും കേടുപറ്റി. മതിലിടിഞ്ഞത് വീടിന്റെ നിലനിൽപിന് ഭീഷണിയുയർത്തിയിട്ടുണ്ട്. മാടായി പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
പാലത്തിൽ വെള്ളം കയറി
ശ്രീകണ്ഠപുരം: മഴ തിമിർത്തു പെയ്തതോടെ വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ മലയോരം. ശ്രീകണ്ഠപുരം, പൊടിക്കളം, ചെങ്ങളായി, മുങ്ങം, കൊവ്വപ്പുറം, തേർളായി, മലപ്പട്ടം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. പയ്യാവൂര്‍-ഏരുവേശ്ശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വണ്ണായിക്കടവ് പാലത്തിൽ വെള്ളം കയറി.
പതിവായി വെള്ളം കയറാറുള്ള ഈ പാലത്തിൽ കഴിഞ്ഞ വർഷം മേയിലാണ് ജില്ല പഞ്ചായത്ത് എട്ട് ലക്ഷം രൂപ ചെലവിൽ പുതുതായി കൈവരികൾ സ്ഥാപിച്ചത്. ഇത് കഴിഞ്ഞ വർഷംതന്നെ മലവെള്ളപാച്ചിലിൽ തകർന്നിരുന്നു. വെള്ളംകയറി അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
കനത്ത മഴയിൽ ചാമക്കാൽ ശ്രീനാരായണ യു.പി. സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു. അഞ്ച് മീറ്ററോളം നീളത്തിലാണ് മതിൽ തകർന്നത്. മലപ്പട്ടത്ത് സർക്കാർ ചെലവിൽ നിർമിച്ച് ഉദ്ഘാടനം വൈകിയ മുനമ്പ് കടവിലെ പാർക്കും കെട്ടിടവും വെള്ളത്തിനടിയിലായി. ചെങ്ങളായി മുക്കാടം വയലിൽ വെള്ളംകയറി നെൽകൃഷിയടക്കം നശിച്ചു. വളക്കൈ-ചുഴലി റോഡിൽ എടയന്നൂരിൽ റോഡിലേക്ക് കുന്നിടിഞ്ഞ് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
മലയോരത്ത് വ്യാപക നാശനഷ്ടം
കേളകം: കനത്ത കാറ്റിലും മഴയിലും മലയോരത്തെ വിവിധയിടങ്ങളില്‍ കനത്ത നാശം ഉണ്ടായി. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തു. വെളളൂന്നി സ്വദേശികളായ തങ്കച്ചന്, ഷാജി എന്നിവരുടെ കൃഷി നശിച്ചു. കശുമാവ്, റബര്‍ എന്നിവയാണ് നശിച്ചത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്-പാൽചുരം റോഡിൽ ഭാരവാഹന ഗതാഗത നിയന്ത്രണവും രാത്രി യാത്ര നിരോധനവും ഏർപ്പെടുത്തി. കൊട്ടിയൂർ അമ്പായത്തോട്, പേരാവൂർ, മടപ്പുരച്ചാൽ, പൊയ്യമല മേഖലകളിൽ നിരവധി വീട്ടുമതിലുകൾ ഇടിഞ്ഞുവീണു. നിരവധി സ്ഥലങ്ങളിൽ മരം വീണ് ഗതാഗതതടസ്സമുണ്ടായി.
നിലക്കാത്ത മഴയിൽ വിറങ്ങലിച്ച അവസ്ഥയിലാണ് മലയോര മേഖല. പേരാവൂർ, കൊട്ടിയൂർ, കേളകം, പഞ്ചായത്തുകളിലെ നിരവധി മേഖലകളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കേളകം സാൻ ജോസ് പള്ളിക്ക് സമീപവും വെണ്ടക്കുംചാൽ റിസോർട്ടിന് സമീപവും കരിയം കാപ്പ് റോഡിലും മരം കടപുഴകി ഗതാഗത തടസ്സം ഉണ്ടായി. പേരാവൂർ മടപ്പുരച്ചാലിൽ ചിരട്ടവേലിയിൽ സജി വർഗീസിന്റെ വീട്ടുമതിൽ ഇടിഞ്ഞ് കിണറിലേക്ക് വീണു. കിണറിലെ മോട്ടറും പൈപ്പും സമീപത്തെ സാധനസാമഗ്രികളും നശിച്ചു. വീട്ടുമതിൽ പൂർണമായും ഇടിഞ്ഞ് വീട്ടുമുറ്റത്തെ കിണറിലേക്ക് പതിക്കുകയായിരുന്നു.
റോഡ് ഇടിഞ്ഞ് പുഴയിൽ പതിച്ചു
മട്ടന്നൂര്‍: നായിക്കാലിയില്‍ റോഡ് ഇടിഞ്ഞു പുഴയിലേക്ക് പതിച്ചു. പുനര്‍നിര്‍മാണം നടക്കുന്ന ഭാഗത്തെ റോഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പ്രളയത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിർമാണം നടക്കുന്ന ഭാഗത്താണ് ബുധനാഴ്ച ആദ്യം മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ഇതുവഴി ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചെറുവാഹനങ്ങള്‍ മാത്രമേ ഇതുവഴി കടത്തിവിട്ടിരുന്നുള്ളു. ഇതിനിടെയാണ് വീണ്ടും റോഡ് ഇടിഞ്ഞത്. നടന്നുപോകാനുള്ള വഴി മാത്രമാണ് ഇപ്പോഴുള്ളത്.
കുറുമാത്തൂരിൽ വെള്ളം കയറി
തളിപ്പറമ്പ്: ശക്തമായ മഴയെ തുടർന്ന് കുറുമാത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിൽ ആളുകൾ ഒറ്റപ്പെട്ടു. മൂന്നു ദിവസത്തിലേറെയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ തോടുകൾ നിറഞ്ഞു കവിഞ്ഞൊഴുകിയാണ് പല സ്ഥലങ്ങളിലായി വെള്ളം കയറിയത്. കൃഷി സ്ഥലങ്ങൾ മുഴുവനായി മുങ്ങി. റോഡിലും പുരയിടങ്ങളിലും ചെളിവെള്ളം കയറി. പന്നിയൂർ, പൂമംഗലം, കണിച്ചാമൽ, കുറുമാത്തൂർ കടവ്, പനക്കാട്, മുയ്യം, വടക്കാഞ്ചേരി, പാറാട് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. റോഡ് വെള്ളത്തിൽ മുങ്ങിയതോടെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഗാതാഗതം തടസപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ സാധിച്ചില്ല. തളിപ്പറമ്പ് നഗരസഭയിൽ ചിന്മയ റോഡിൽ എം.വി. സുമതിയുടെ വീട്ടു മതിൽ റോഡിലേക്ക് തകർന്നു വീണു. റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
വയോധിക ഒഴുക്കിൽപ്പെട്ടു
പെരിങ്ങോം: എരമം കുറ്റൂരിലെ പെരുവാമ്പ പുഴയിൽ വയോധിക ഒഴുക്കിൽപ്പെട്ടെന്ന സംശയത്തെ തുടർന്ന് പെരിങ്ങോം പൊലിസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. പെരുവാമ്പയിലെ കോടൂർ മാധവിയെ (68) കണ്ടെത്താനാണ് തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ അടുത്ത വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു. തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തുള്ള പറമ്പിൽ നിന്ന് ഇവരുടെ കുട കണ്ടെത്തി. ഇതിന് സമീപത്തു കൂടിയാണ് പെരുവാമ്പ പുഴ ഒഴുകുന്നത്. രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തെരച്ചിൽ തുടരാനാണ് തീരുമാനം.
മട്ടന്നൂർ-ഇരിക്കൂർ റോഡിൽ ഗതാഗതം നിരോധിച്ചു
മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ജൂലൈ 18 മുതൽ അറിയിപ്പ് ഉണ്ടാവുന്നതുവരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകടഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം. മട്ടന്നൂരിൽനിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്കു പോകണം. ഇരിക്കൂറിൽനിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞു മട്ടന്നൂർ ഭാഗത്തേക്ക് പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.