ശക്തമായ മഴയും കാറ്റും; മലയോരത്ത് വ്യാപക നാശനഷ്ടം
text_fieldsഇരിട്ടി: ശക്തമായ കാറ്റിലും മഴയിലും മലയോരത്തെ ആറളം, പായം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. ആറളം പഞ്ചായത്തിലെ തോട്ടംകവല, ഏച്ചിലം, തോട്ട്കടവ്, ഞണ്ടുംകണ്ണി മേഖലകളിലും പായം പഞ്ചായത്തിലെ കാടമുണ്ട, പായം മേഖലകളിലാണ് കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. വൈകീട്ട് നാലോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പായത്തെ വിളങ്ങോട്ടു വയൽ പ്രഭാകരന്‍റെ വീടിനുമുകളിൽ മരം പൊട്ടിവീണു. മകൾ അനുശ്രീക്ക് കാലിന് പരിക്കേറ്റു.
തുടർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം കവലയിൽ അശോകന്‍റെ വീടിനുമുകളിൽ മരം പൊട്ടിവീണു. നിരവധിപേരുടെ റബർ മരങ്ങളാണ് കാറ്റിൽ നിലംപൊത്തിയത്.
വിവിധയിടങ്ങളിലായി ആയിരത്തിലധികം റബർ മരങ്ങളാണ് നശിച്ചത്. ഏച്ചിലം, ഞണ്ടുംകണ്ണി മേഖലകളിലാണ് വ്യാപക നാശനഷ്ടം സംഭവിച്ചത്.
നിരവധി കർഷകരുടെ വാഴകളും തെങ്ങുകളും നശിച്ചിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. എടൂർ- ആറളം റൂട്ടിലും, പായം - കോറമുക്ക് റോഡിലും, പായം ആറളം റോഡിലും, ചിങ്ങാകുണ്ടം -തോട്ടം കവല റോഡിലും ഗതാഗതം തടസ്സപ്പെട്ടു. വിവിധയിടങ്ങളിലായി അമ്പതോളം വൈദ്യുതി തൂണുകളാണ് പൊട്ടിയത്. ഇതോടെ വൈദ്യുതി, കേബിൾ ബന്ധവും നിലച്ചു.
വീട്ടുപകരണം
കത്തിനശിച്ചു
പേരാവൂർ: വെള്ളർവള്ളി വായനശാലക്ക് സമീപം മടപ്പുരകുന്നിലെ കുയ്യത്ത് ദിനേശന്റെ വീട്ടിലാണ് മിന്നലിൽ നാശമുണ്ടായത്. വീട്ടിലെ കട്ടിൽ, റഫ്രിജറേറ്റർ, സ്വിച്ച് ബോർഡുകൾ, കട്ട്ല എന്നിവയാണ് കത്തി നശിച്ചത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. പേരാവൂർ അഗ്നിരക്ഷ സേനയെത്തി തീയണച്ചു.
ഇരിക്കൂർ: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ വേനൽമഴയിൽ ഇരിക്കൂറിൽ കനത്ത നാശം. കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം വായോറ വീട്ടിൽ പ്രദീപന്റെ വീട്ടിലേക്ക് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിന്റെ ഒരു ഭാഗം പൂർണമായും നശിച്ചു. മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു.
മരങ്ങൾ കടപുഴകി വീണു. കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.