എടക്കാനം-ഇടയിൽക്കുന്ന് റോഡ് മൺചാക്കിന് ആയുസ്സ് എത്രനാൾ...
text_fieldsഇരിട്ടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമിച്ച എടക്കാനം-ഇടയിൽക്കുന്ന് റോഡിലെ ബോക്‌സ് കൾവെർട്ട് നിർമാണത്തിലെ അപാകത റോഡിന്റെ സുരക്ഷയെ ബാധിക്കുന്നു. കൾവെർട്ട് നിർമിക്കാൻ പ്രളയ പുനരുദ്ധാരണ പദ്ധതിയിൽപെടുത്തി 25 ലക്ഷം രൂപയാണ് അനുവദിച്ചത്. പഴശ്ശി പദ്ധതി പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന് സമാന്തരമായി ഉണ്ടായിരുന്ന കൾവെർട്ട് തകർന്നപ്പോൾ ഉയരം കൂട്ടി പുതിയ കൾവെർട്ട് നിർമിച്ചു.
താഴ്ന്ന റോഡും ഉയർന്ന കൾവെർട്ടും തമ്മിലുള്ള അന്തരം നികത്താൻ അപ്രോച്ച് റോഡിന്റെ ഉയരവും കൂട്ടിയിരുന്നു. കൾവെർട്ട് പൊക്കത്തിലായതോടെ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം മൺചാക്കുകൊണ്ട് മതിലുണ്ടാക്കി 20 മീറ്ററോളം ഇരുവശവും കോൺക്രീറ്റ് ചെയ്തു.
വെള്ളം നിറയുന്നതോടെ മൺചാക്കുകൾ വെള്ളത്തിൽ കുതിരുകയും ഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോൾ റോഡ് പുഴയിലേക്ക് ഇടിയുന്നതിനും കാരണമാവും. ഇരുവശത്തെയും മൺചാക്ക് നിറച്ച പ്രതലം സംരക്ഷിക്കാൻ തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി പുല്ല് പാകിയെങ്കിലും കനത്ത ചൂടിൽ കരിഞ്ഞുണങ്ങി. ഇപ്പോൾ റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയിൽ ഫുൾ റിസർവോയർ ലെവലിൽ (എഫ്.ആർ.എൽ) മാത്രമാണ് വെള്ളം നിലനിർത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന കൾവെർട്ടിൽനിന്ന് അൽപം ഉയർത്തിയാണ് പുതിയത് നിർമിച്ചിരുന്നതെങ്കിൽ ഉപകാര പ്രദമായിരുന്നു.
കൾവെർട്ടിനോട് ചേർന്ന് റോഡിന്റെ ഇരുവശങ്ങളിലും കരിങ്കൽഭിത്തി കെട്ടി അതിനുമുകളിൽ മൺചാക്ക് നിറച്ചിട്ടാണ് കോൺക്രീറ്റ് ചെയ്തതെങ്കിലും ഇത്തരം പ്രതിസന്ധിയുണ്ടാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എടക്കാനത്തെ പ്രധാന ഗ്രാമീണ റോഡുകളിൽ ഒന്നാണിത്. മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിന്റെ 500 മീ. മാത്രമാണ് വർഷങ്ങൾക്കിപ്പുറവും ഗതാഗതയോഗ്യമായത്.
അപ്രോച് റോഡിന്റെ സംരക്ഷണത്തിനായി ഭിത്തി കെട്ടാൻ മറ്റു വകയിൽ പണം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ജലവിഭവ വകുപ്പിൽനിന്ന് ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികളും പരിശോധിക്കുന്നുണ്ടെന്ന് എടക്കാനം വാർഡ് അംഗം കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.