കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്നുവേട്ട
text_fieldsഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്നുവേട്ട. ചൊവ്വാഴ്ച രാവിലെ എക്സൈസ് സംഘം നടത്തിയ പതിവ് വാഹനപരിശോധനയിലാണ് മയക്കുമരുന്ന് വിൽപന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് കല്ലായി സ്വദേശി ഹെസ്നി മുബാറകിനെ (28) പിടികൂടിയത്. ബംഗളൂരുവിൽനിന്ന് ബൈക്ക് മാർഗം കോഴിക്കോട്ടേക്കു പോകുകയായിരുന്ന പ്രതിയിൽനിന്ന് 105.994 ഗ്രാം എം.ഡി.എം.എ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്.
ലഹരിവസ്തുവിന് വിപണിയിൽ 10 ലക്ഷം രൂപയോളം വില വരുമെന്നാണ് എക്സൈസ് കണക്കാക്കുന്നത്. ലഹരിവിൽപന രംഗത്തെ സ്ഥിരം കണ്ണിയായ ഇയാൾ 2016ൽ കോഴിക്കോട് ജില്ലയിൽ കഞ്ചാവുകേസിൽ പ്രതിയാണ്. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.
പരിശോധനയിൽ ഇൻസ്പെക്ടർ അനീഷ് മോഹനൻ, പ്രിവന്റിവ് ഓഫിസർമാരായ ജോണി, നിസാർ, അസീസ്, കമലാക്ഷൻ, ഖാലിദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ. ബിജു, വിനീഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.