ബാരാപോളിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചു;മരം വീണ് പഴശ്ശി ഡാം കൺവെൻഷൻ ഹാൾ തകർന്നു
text_fieldsഇരിട്ടി: കനത്ത മഴയിൽ മലയോരത്ത് വ്യാപക നാശനഷ്ടം. ബാരാപോളിൽ കൂറ്റൻപാറ റോഡിലേക്ക് പതിച്ചു. പഴശ്ശി പദ്ധതിയുടെ കൺവെൻഷൻഹാൾ മരം വീണ് ഭാഗികമായി തകർന്നു. കച്ചേരിക്കടവ് പാലത്തുംകടവ് റോഡിൽ ബാരാപോൾ പദ്ധതി പ്രദേശത്തോട് ചേർന്നാണ് കൂറ്റൻപാറ കനത്ത മഴയിൽ ഇളകി റോഡിലേക്ക് പതിച്ചത്. വ്യാഴാഴ്ച് രാവിലെ എട്ടോടെയാണ് അപകടം. ഈ സമയം റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ബാരാപോൾ പദ്ധതിയുടെ കനാൽ ഭാഗത്തെ കുന്നിൽ നിന്നും റോഡിലേക്ക് പതിക്കുകയായിരുന്നു. പാറ പതിച്ച ഭാഗം റോഡിലെ ഉയരക്കൂടുതലുള്ള ഭാഗത്തായിരുന്നു. ഇവിടെ നിന്നും ഒരടി നീങ്ങിയിരുന്നുവെങ്കിൽ റോഡിന് താഴെയുള്ള കുറ്റിയാനിക്കൽ സണ്ണിയുടെ വീട്ടിന് മുകളിലേക്ക് പതിക്കുമായിരുന്നു.
പഴശ്ശി ഡാം പരിസരത്ത് മരം കടപുഴകി വീണാണ് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കൺവെൻഷൻഹാൾ ഭാഗികമായി തകർന്നത്. പഴശ്ശി- എടക്കാനം റോഡിനോട് ചേർന്നായിരുന്നു കൺവെൻഷൻഹാൾ. ഷീറ്റുപാകിയ ഹാളിന്റെ മേൽക്കൂരയുടെ പിറകു വശം പൂർണമായും പൊട്ടിപ്പൊളിഞ്ഞു.
കഴിഞ്ഞ വർഷമാണ് 60 ലക്ഷത്തോളം മുടക്കി കെട്ടിടം നവീകരിച്ചത്. വിനോദ സഞ്ചാരികൾക്കും സംഘടനകൾക്കും യോഗങ്ങളും മറ്റു പരിപാടികളും നടത്താനുൾപ്പെടെയുള്ള സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടത്തിന് അപകട ഭീഷണിയായ പാഴ്മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടെങ്കിലും മുറിച്ചു മാറ്റാൻ അധികൃതർ തയ്യാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.