അനധികൃത പാർക്കിങ്ങും കൈയേറ്റ കച്ചവടവും നടക്കില്ല; നഗരസഭയും പൊലീസും "പണി' തുടങ്ങി
text_fieldsഇരിട്ടി: നഗരത്തിലെ അനധികൃത പാർക്കിങ്ങിനും നടപ്പാത കൈയേറിയുള്ള കച്ചവടത്തിനുമെതിരെ ശക്തമായ നടപടിയുമായി ഇരിട്ടി നഗരസഭയും പൊലീസും. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ഇരുവിഭാഗവും സംയുക്തമായി നഗരത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും നിയമലംഘനം ശ്രദ്ധയിൽപ്പെട്ട വാഹന ഉടമകൾക്കും കച്ചവടക്കാർക്കും കർശന നിർദേശങ്ങൾ നൽകുകയും ചെയ്തു.
മേയ് ഒന്നു മുതലാണ് ഇരിട്ടി നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്തെത്തിയത്. അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നതിനായി നഗരസഭ മൂന്നിടങ്ങളിൽ പേ പാർക്കിങ് സംവിധാനം ഒരുക്കിയിരുന്നു. ഇതിൽ പഴയ സ്റ്റാൻഡിലെ ഓപൺ ഓഡിറ്റോറിയം, പഴയപാലം എന്നിവിടങ്ങളിലുള്ള രണ്ടെണ്ണം നഗരസഭയുടേയും പഴയപാലത്തുള്ള മറ്റൊന്ന് സ്വകാര്യ വ്യക്തിയുടേതുമാണ്.
എന്നാൽ നിയന്ത്രണങ്ങളും പേ പാർക്കിങ് സൗകര്യങ്ങളും നിലവിൽ വന്നിട്ടും പലരും ടൗണിൽ തോന്നിയതുപോലെ വാഹനങ്ങൾ നിർത്തിയിടുന്നതും പേ പാർക്കിങ് സൗകര്യം ഉപയോഗിക്കാത്തതും ശ്രദ്ധയിൽ പെട്ടതോടെയാണ് കർശന നിർദേശങ്ങളും ബോധവത്കരണവുമായി അധികൃതർ രംഗത്തെത്തിയത്.
ടൗണിലെത്തി ഏറെനേരം നിർത്തിയിടേണ്ടിവരുന്ന സ്വകാര്യ വാഹനങ്ങൾ ഈ പേ പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് നഗരസഭ കർശന നിർദേശം നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
നഗരത്തിൽ നടപ്പാതകൾ കൈയേറിയുള്ള കച്ചവടത്തിനും മാലിന്യങ്ങൾ വലിച്ചെറിയുന്ന കച്ചവടക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ശുചിത്വ ഹർത്താൽ നടത്തി നഗരം മുഴുവൻ ശുചീകരണം നടത്തിയെങ്കിലും പല കച്ചവടക്കാരും ഇതിൽ പങ്കെടുത്തിരുന്നില്ല. ഇത്തരക്കാർക്കെതിരെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച പരിശോധനക്കെത്തിയ നഗരസഭാധ്യക്ഷ കെ. ശ്രീലത, ക്ലീൻസിറ്റി മാനേജർ പി. മോഹനൻ എന്നിവർ ചില കച്ചവടക്കാർക്ക് കർശന താക്കീത് നൽകുകയും സാധനങ്ങൾ മുഴുവൻ കടയുടെ അകത്തേക്ക് മാറ്റിവെപ്പിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഇനി താക്കീതിന് പകരം കർശന നടപടിയാണുണ്ടാവുകയെന്നും ഇവർ അറിയിച്ചു.
ഇരിട്ടി നഗരം വെടിപ്പും വൃത്തിയുമുള്ള നഗരമാക്കി നിലനിർത്തുന്നതിന് വ്യാപാരികളും വാഹന ഉടമകളും നഗരത്തിലെത്തുന്ന പൊതുജനങ്ങളും സഹകരിക്കണമെന്നും നഗരസഭ അധ്യക്ഷയും ക്ലീൻസിറ്റി മാനേജരും അഭ്യർഥിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ വി.പി. അബ്ദുൽ റഷീദ്, കെ. മുരളിധരൻ, എസ്.ഐമാരായ നിബിൻ ജോയ്, സുനിൽ കുമാർ, നഗരസഭ ജെ.എച്ച്.ഐമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.