അനധികൃത റേഷൻ കാർഡ്; ഒരു മാസത്തിനിടെ പിഴ രണ്ടുലക്ഷം
text_fieldsഇരിട്ടി: അനധികൃത റേഷൻ കാർഡുടമകൾക്കെതിരെ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസ് നടപടികൾ ശക്തമാക്കി. ഇവരിൽനിന്ന് ഒരു മാസത്തിനിടയിൽ രണ്ടുലക്ഷത്തോളം രൂപ പിഴയീടാക്കി.
അനധികൃതമായി മുൻഗണന വിഭാഗം റേഷൻ കാർഡുകൾ (എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് വിഭാഗം കാർഡുകൾ) കൈവശം വെച്ചിരിക്കുന്നവർക്കെതിരെയാണ് പിഴ ഉൾപ്പെടെ നടപടി സ്വീകരിച്ചത്. അനർഹരിൽനിന്ന് പിഴ ട്രഷറിയിൽ അടപ്പിക്കുകയായിരുന്നു.വീടുകളിൽ നേരിട്ട് പരിശോധന നടത്താനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി 1000 ച. അടിയിൽ അധികമുള്ള വീട്, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിലധികം സ്ഥലം, വിദേശ ജോലിയിൽനിന്ന് ഉൾപ്പെടെ പ്രതിമാസം 25,000 രൂപയിലധികം വരുമാനം, ഉപജീവനമാർഗമായ ടാക്സി അല്ലാത്ത നാലുചക്ര വാഹനം സ്വന്തമായുള്ളവർ, വരുമാന നികുതി അടക്കുന്നവർ, കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപന ജീവനക്കാരോ പെൻഷൻകാരോ എന്നിവയിലെന്തെങ്കിലും ഉണ്ടായിരിക്കുകയും മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുകയും ചെയ്തിരിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിച്ചുവരുന്നത്.
അർഹരായ നിരവധി പേർക്ക് മുൻഗണന കാർഡുകൾ ലഭിക്കാതിരിക്കുമ്പോഴാണ് അനർഹർ മുൻഗണന കാർഡ് കൈവശം വെച്ചിരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി പുറത്താക്കുമ്പോൾ അർഹരായ നിരവധി ആളുകൾക്ക് മുൻഗണന റേഷൻ കാർഡുകൾ നൽകാൻ കഴിയുമെന്ന് സപ്ലൈ ഓഫിസർ പറഞ്ഞു. 'ഓപറേഷൻ യെല്ലോ' എന്ന പേരിൽ സംസ്ഥാന തലത്തിൽ അനധികൃത കാർഡുകൾക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണ്.
അനർഹമായി ഇത്തരം കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെപ്പറ്റി അറിവുള്ളവർ താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ അറിയിക്കണമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. ടോൾ ഫ്രീ നമ്പർ: 1967. കൂടാതെ 9188527301, 9188527409, 04902494930 എന്നീ നമ്പറുകളിലും വിവരം അറിയിക്കാം.
അനധികൃത കാർഡുകളെപ്പറ്റി വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നതല്ലെന്നും സപ്ലൈ ഓഫിസർ അറിയിച്ചു. നേരത്തെ അനർഹർ, കൈവശമുള്ള മുൻഗണന കാർഡുകൾ സ്വമേധയാ താലൂക്ക് സപ്ലൈ വിഭാഗത്തിന് കൈമാറാൻ അവസരം ഒരുക്കിയിരുന്നു.
രണ്ടും മൂന്നും തവണ അവസരം നൽകിയിട്ടും തിരിച്ചേൽപിക്കാത്തവർക്കെതിരെയാണ് നടപടി കർശനമാക്കിയത്. അനർഹരാണെന്ന് അറിഞ്ഞിട്ടും മുൻഗണന വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവർ ആനുകൂല്യം കൈപ്പറ്റിയ കാലം വരെയുള്ള പിഴയാണ് അടക്കേണ്ടിവരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.