വില്ലേജ് ഓഫിസുകളുടെ കെട്ടിടോദ്ഘാടനവും പട്ടയ വിതരണവും നാലിന്
text_fieldsഇരിട്ടി: കീഴൂർ സ്മാർട്ട് വില്ലേജ് ഉൾപ്പെടെ പേരാവൂർ മണ്ഡലത്തിലെ നാല് വില്ലേജ് ഓഫിസുകൾക്ക് നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും 114 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും തിങ്കളാഴ്ച നടക്കും. 44 ലക്ഷം രൂപ ചെലവിൽ കീഴൂർ വില്ലേജ് ഓഫിസിനായി ഇരിട്ടിയിൽ നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം രാവിലെ 9.30ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വയത്തൂർ വില്ലേജ് ഓഫിസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാവിലെ 10.30ന് മന്ത്രി നിർവഹിക്കും. 44 ലക്ഷം രൂപ ചെലവിൽ എടൂരിൽ നിർമിച്ച ആറളം വില്ലേജ് ഓഫിസിന്റെ കെട്ടിടവും മന്ത്രി ഉച്ചക്ക് 12ന് ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ശേഷം 2.30ന് നടക്കുന്ന ചടങ്ങിൽ വെള്ളാർവള്ളി വില്ലേജ് ഓഫിസിനായി 44 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്യും. മണത്തണ വില്ലേജ് ഓഫിസിനായി നിർമിച്ച കെട്ടിടം വൈകിട്ട് 3.30ന് മന്ത്രി ഉദ്ഘാടനം ചെയ്യും. ആറളം ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്കും വിളമന വില്ലേജിലെ ഒരു കുടുംബത്തിനുമുള്ള മിച്ച ഭൂമി പട്ടയവും എടൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വിതരണം ചെയ്യും.
കൊട്ടാരത്ത് മിച്ചഭൂമിയാണെന്ന് അറിയാതെ പണം കൊടുത്തു വാങ്ങി വർഷങ്ങളായി വീടുവെച്ച് കഴിയുന്ന കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്. ഇവരുടെ വർഷങ്ങളായുള്ള പട്ടയ പ്രശ്നമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.
ആറളം വില്ലേജിൽ 19 കുടുംബങ്ങൾക്കും മുഴക്കുന്ന് വില്ലേജിൽ 23 കുടുംബങ്ങൾക്കും, പായം വില്ലേജിലെ 21 കുടുംബങ്ങൾക്കും വിളമന വില്ലേജിലെ 12 കുടുംബങ്ങൾക്കും, തില്ലങ്കേരി,വെള്ളാർവള്ളി, ചാവശേരി തുടങ്ങിയ വില്ലേജുകളിൽ ഒരു കുടുംബത്തിനുമാണ് ലക്ഷം വീട് പട്ടയം വിതരണം ചെയ്യുന്നത്. ഇതിനുള്ള ഒരുക്കം പൂർത്തിയായതായി ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി ഉസ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.