മാക്കൂട്ടം ചുരത്തിൽ ബാഗിൽ കിട്ടിയ മൃതദേഹം; ഇരുട്ടിൽ തപ്പി അന്വേഷണം
text_fieldsഇരിട്ടി: നാലുമാസം മുമ്പ് മാക്കൂട്ടം ചുരത്തിൽ ഓട്ടകൊല്ലിയിൽ ട്രോളി ബാഗിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം സംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ അധികൃതർ ഇരുട്ടിൽ തപ്പുന്നു. ഏകദേശം രണ്ടാഴ്ച പഴക്കം ചെന്ന മൃതദേഹം ചുരത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ നീക്കം ചെയ്യാൻ എത്തിയ വനം വകുപ്പ് ജീവനക്കാരായിരുന്നു കണ്ടെത്തിയത്. വീരാജ്പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ ഘട്ടത്തിൽ ശക്തമായ അന്വേഷണമാണ് നടത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 20നും30നുമിടയിലുള്ള സ്ത്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ കണ്ണവത്തുനിന്നും കാണാതായ സ്ത്രീയെ കേന്ദ്രീകരിച്ചായിരുന്നുആദ്യ അന്വേഷണം. വീട്ടുകാർക്ക് മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതിനാൽ അമ്മയുടെ രക്ത സാമ്പിൾ ഡി.എൻ.എ ടെസ്റ്റിന് എടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് കാണാതായ സ്ത്രീയെ പേരാവൂരിൽ നിന്നും കണ്ടെത്തിയത്. കുടകിൽ നിന്നും കാണാതായ നാലു യുവതികളെ കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്തായയോടെ അന്വേഷണത്തിന്റെ വേഗം കുറഞ്ഞു.
മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്ത്രവും തലമുടിയും ട്രോളി ബാഗും മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച തെളിവ്. വസ്ത്രം ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തലയോട്ടി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതി ഉണ്ടയില്ല. ചുരം മേഖലയിൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലാതെ വന്നത് ഫോൺ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും മുടങ്ങി.
രാത്രിയിലും പകലും യാത്രചെയ്യാൻ അനുമതിയുള്ള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലെ മാക്കൂട്ടം ചുരം റോഡിലുണ്ടായ സംഭവം പൊലീസ് ഗൗരവത്തോടെയാണ് കണ്ടിരുന്നത്. തെളിവുകളുടെ അഭാവം പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ സൂചനയിലേക്ക് പൊലീസിന് എത്തിച്ചേരാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.