പുതുമോടിയിൽ മുത്തശ്ശിപ്പാലം
text_fieldsഇരിട്ടി: ഭാരം താങ്ങി തളർന്ന മുത്തശ്ശിപ്പാലത്തിന് ശാപമോക്ഷം.1933 ൽ ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയ പാലമാണ് പ്രതാപം നിലനിർത്തി മോടി കൂട്ടി നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. പഴയ പാലം പ്രൗഢിയോടെ നിലനിർത്തി വിനോദസഞ്ചാര സാധ്യതകളും പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
90 വർഷത്തോളം ജനങ്ങളെ പുഴക്ക് അക്കരെ, ഇക്കരെ കടത്തിയ പഴയ പാലം ഇനി പൈതൃക സ്മാരകമായി നിലകൊള്ളും. പുതിയപാലം യാഥാർഥ്യമായപ്പോഴും പഴയപാലം ഗതാഗതത്തിനായി പരിമിതമായി ഉപയോഗിച്ചിരുന്നു. എന്നാൽ, പിന്നീട് പൂർണമായും പാലത്തിലൂടെ ഉള്ള ഗതാഗതം നിരോധിച്ച് പാലത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.
തുരുമ്പെടുത്തതും വാഹനമിടിച്ച് തകർന്നതുമായ കമ്പികൾ മാറ്റി സ്ഥാപിച്ചും അറ്റകുറ്റപ്പണി നടത്തിയും പെയിന്റടിച്ചും മറ്റുമാണ് പാലത്തിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. പെയിന്റിങ് ഏകദേശം പൂർത്തീകരിച്ചു കഴിഞ്ഞു. 14.70 ലക്ഷം രൂപയോളം മുടക്കിയാണ് നവീകരണം നടത്തുന്നത്.
പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞാലും ഭാരം കുറഞ്ഞ ചെറിയ വാഹനങ്ങൾക്ക് മാത്രമേ പാലത്തിലൂടെ ഗതാഗതത്തിന് അനുമതി നൽകൂ. വലിയ വാഹനങ്ങൾ പുതിയ പാലത്തിലൂടെ മാത്രമേ കടന്നു പോകാൻ പാടുള്ളൂ. പഴയ പാലത്തിന് മുകളിലുള്ള കേബിളുകൾ കൂടി മാറ്റുവാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കരിങ്കൽ തൂണുകളിൽ കൂറ്റൻ ഉരുക്കു ബീമുകളും പാളികളും കൊണ്ട് മേൽക്കൂരയിൽ ഭാരം ക്രമീകരിക്കുന്ന നിലയിൽ നിർമിച്ച പാലം ഇതുവഴി ടൂറിസ കേന്ദ്രമാക്കാൻ കഴിയും. പഴശ്ശി ജലാശയത്തിന് മുകളിലാണ് പാലം സ്ഥിതി ചെയ്യുന്നത് എന്നതും പ്രാധാന്യം വർധിപ്പിക്കുന്നു.
പഴശ്ശി ജലാശയത്തിൽ ബോട്ട് സർവിസുകൾ കൂടി ആരംഭിക്കുന്നപക്ഷം കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാൻ കഴിയും. സൂര്യാസ്തമയം മനോഹരമായി വീക്ഷിക്കാൻ കഴിയുന്ന ഇവിടെ ഒരു വ്യൂ പോയന്റ് കൂടി പാലത്തിന് സമീപം നിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.