ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജനം: ഉത്തരവ് ജലരേഖയായി
text_fieldsഇരിട്ടി: സംസ്ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂർ ആസ്ഥാനമായി ഉപജില്ല സ്ഥാപിക്കാനുള്ള നീക്കം വഴിമുട്ടി. ഇതോടെ ജോലി ഭാരം കൂടി ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെ ജീവനക്കാർ ഇരട്ടി ദുരിതത്തിലായി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് ഇരിട്ടിയെ വിഭജിച്ച് പേരാവൂർ ആസ്ഥാനമായി മറ്റൊരു ഉപജില്ല ഓഫിസ് ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ അനുവദിക്കുകയും 12 തസ്തികകൾ സൃഷ്ടിക്കുകയും ഒരു ജൂനിയർ സൂപ്രണ്ടിനെ നോഡൽ ഓഫിസറായി നിയമിക്കുകയും ചെയ്തുവെങ്കിലും 2016ൽ യു.ഡി.എഫ് സർക്കാർ മാറിയതോടെ ഉപജില്ല വിഭജന നടപടികൾ തകിടം മറിയുകയും പാതിവഴിയിൽ നിശ്ചലമാവുകയുമായിരുന്നു.
ആറ് ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾ, 13 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളടക്കം 81 യു.പി, എൽ.പി സ്കൂളുകളും 21 ഹയർ സെക്കൻഡറി സ്കൂളുകളും മുന്ന് സ്പെഷൽ സ്കൂളുകളുമടക്കം ആകെ 105 സ്കൂളുകളുടെ ചുമതലയാണ് ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസിനുള്ളത്. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇരിട്ടി ഉപജില്ലയുടെ ഭാഗമാണ്. വയനാടിന്റെ അതിർത്തി പങ്കിടുന്ന കൊട്ടിയൂർ പഞ്ചായത്ത് മുതൽ മലയോരത്തെ 12 ഗ്രാമപഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ഉൾപ്പെടുന്നതാണ് ഇരിട്ടി ഉപജില്ലയുടെ പ്രവർത്തന പരിധി. കൂടാതെ ഇരിക്കൂർ, മട്ടന്നൂർ, മണ്ഡലത്തിലെയും തില്ലങ്കേരി, കോളയാട് പഞ്ചായത്തുകളിലെയും ഏതാനും സ്കൂളുകളും ഇരിട്ടി ഉപജില്ലയുടെ ഭാഗമായുണ്ട്.
ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കാൽ ലക്ഷത്തോളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകേണ്ട ചുമതലയും ഇവർക്ക് നിർവഹിക്കേണ്ടി വരുന്നു. വയനാടിന്റെ അതിർത്തി പ്രദേശമായ ഏലപ്പീടിക മുതൽ കർണാടക അതിർത്തിയായ പേരട്ട വരെ നീണ്ടു കിടക്കുന്ന മലയോര പ്രദേശങ്ങളിൽനിന്ന് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങൾക്കുമായി ഇരിട്ടി ഉപജില്ല ഓഫിസ് ആസ്ഥാനമായ ഇരിട്ടിയിലെത്തിച്ചേരുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഇതിനു പരിഹാരമായാണ് ഇരിട്ടിയെ വിഭജിച്ച് പേരാവൂർ കേന്ദ്രമാക്കി മറ്റൊരു വിദ്യാഭ്യാസ ഉപജില്ല രൂപവത്കരിക്കാൻ ഉത്തരവായത്. പൊതു വിദ്യാഭ്യാസ മേഖലയിൽ നവീനമാറ്റം ലക്ഷ്യമിടുന്ന സർക്കാർ ഈ ആവശ്യം പരിഗണിച്ച് പാതിവഴിയിൽ കുടുങ്ങിയ വിഭജന തീരുമാനം ഉടൻ യാഥാർഥ്യമാക്കണമെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് മലയോര ജനത ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.