ബാരാപോൾ പുഴ നിറഞ്ഞു തീരവാസികൾ ഭീതിയിൽ
text_fieldsഇരിട്ടി: കർണാടക വനാന്തരങ്ങളിൽ കനത്ത മഴ പെയ്യാൻ തുടങ്ങിയതോടെ ബാരാപോൾ പുഴ നിറഞ്ഞുകവിഞ്ഞു. ഇതോടെ പുഴയുടെ സമീപത്ത് താമസിക്കുന്നവർ ആശങ്കയിലായി. കാലവർഷം ശക്തിപ്പെട്ടതോടെ മലയോര ഗ്രാമങ്ങളിലെ കർഷക കുടുംബങ്ങൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും കഴിഞ്ഞ രണ്ടുവർഷവും ജീവിതത്തിന്റെ താളം തെറ്റിച്ചതിന്റെ വേദനയിലാണ് നാട്ടുകാർ. സർക്കാറിെൻറ ആശ്വാസ പദ്ധതികളിൽ പലർക്കും സഹായങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇന്നും ചില കുടുംബങ്ങൾ ദുരിതക്കയത്തിലാണ്.
വേനൽക്കാലത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിലും മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണിയിലുമാണ് അയ്യംകുന്ന് പഞ്ചായത്ത് കച്ചേരിക്കടവിലെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങൾ. 2018-19 ആഗസ്റ്റിലെ ഉരുൾപൊട്ടലിൽ ഒരാഴ്ചയിലേറെ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഈ മേഖലയിലെ കുടുംബങ്ങൾ കച്ചേരിക്കടവ് സ്കൂളിലാണ് അഭയം പ്രാപിച്ചത്.
കച്ചേരിക്കടവ് സ്വദേശിനിയായ ആതൂപ്പള്ളി സൂസമ്മയും ഭർത്താവ് ജോണിയും ഉൾപ്പെടെയുള്ള നിരവധിപേർ ഉരുൾപൊട്ടലിൽ ഏറെ ദുരിതമനുഭവിച്ചവരാണ്. സമീപവാസികളിൽ ചിലർ ദൂരസ്ഥലങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്.
മേഖലയിൽ നിരവധി കർഷകരുടെ കൃഷിഭൂമിയും വീടുകളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. സർക്കാർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വാർഡ് മെംബർ മാത്തുക്കുട്ടി ആവശ്യപ്പെട്ടു. കലക്ടർക്കുൾപ്പെടെ പരാതി നൽകിയിട്ടും പരിഹാരമാകാതെ അടുത്ത ദുരന്തത്തെ കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.