മരങ്ങൾ മുറിക്കുന്നതിലെ കാലതാമസം; പൊതുമരാമത്ത് വകുപ്പ് അനാസ്ഥക്കെതിരെ താലൂക്ക് വികസന സമിതി
text_fieldsഇരിട്ടി: റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കുന്നതിലെ കാലതാമസത്തിനെതിരെ ഇരിട്ടി താലൂക്ക് വികസന സമിതിയിൽ പൊതുമരാമത്ത് വകുപ്പിന് രൂക്ഷവിമർശനം. ജനപ്രതിനിധികളുടെ അഭിപ്രായം മാനിച്ച് മരങ്ങൾ മുറിച്ചുനീക്കുന്നതിന് കലക്ടർ ഉത്തരവിറക്കിയിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി. രജനി, സി.ടി. അനീഷ്, പി. ശ്രീമതി, ടി. ബിന്ദു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ് എന്നിവരും അപകടഭീഷണിയിലായ മരങ്ങൾ ഉണ്ടാക്കുന്ന ഭീഷണി വിവരിച്ചു.
മരങ്ങൾക്ക് സാമൂഹിക വനവത്കരണ വിഭാഗം എന്തടിസ്ഥാനത്തിലാണ് വിലനിർണയം നടത്തുന്നതെന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ചോദിച്ചു. 10,000 രൂപയുടെ മരത്തിന് 50,000 രൂപയാണ് വില നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ അധികാരം ഉപയോഗപ്പെടുത്തി അപകടഭീഷണിയുള്ള മരം മുറിച്ചപ്പോൾ 4000 രൂപ സ്വന്തം കീശയിൽനിന്ന് പഞ്ചായത്ത് അംഗം അടക്കേണ്ടിവന്ന ദുരനുഭവം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി വിവരിച്ചു. ഇക്കാര്യത്തിൽ താലൂക്ക് വികസന സമിതി കലക്ടർക്ക് കത്തുനൽകാമെന്ന എം.എൽ.എയുടെ നിർദേശം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
കാട്ടാനശല്യം രൂക്ഷമായ മാട്ടറ പീടിക കുന്നിലും കാഞ്ഞിരക്കൊല്ലിയിലും കർണാടക വനംവകുപ്പിന്റെ ഓഫിസുകളിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് എച്ച്.ടി ലൈൻ വേണമെന്ന സാങ്കേതികത്വം കെ.എസ്.ഇ.ബി മുന്നോട്ടുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. പീടിക കുന്നിൽ 50 മീറ്റർ അടുത്തുള്ള വീട്ടിൽ വരെ വൈദ്യുതി കണക്ഷൻ ഉള്ളതായി എം.എൽ.എ പ്രതിനിധി തോമസ് വർഗീസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അനാവശ്യ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കണക്ഷൻ നൽകാതിരിക്കുന്ന സമീപനം മാറ്റണമെന്നും സജീവ് ജോസഫ് പറഞ്ഞു.
മലയോര ഹൈവേ വള്ളിത്തോട്- മണത്തണ റീച്ചിൽ റോഡിന്റെ വീതി കൂട്ടി നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി പണി സമയബന്ധിതമായി പൂർത്തീകരിക്കാത്ത നടപടി അന്വേഷിക്കണമെന്നും 49 കോടിക്ക് എസ്റ്റിമേറ്റ് നൽകിയ പ്രവൃത്തിക്ക് 83 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അനുവദിച്ചത് കൊള്ളലാഭം ഉണ്ടാക്കാനാണെന്നും കെ. സുധാകരൻ എം.പിയുടെ പ്രതിനിധി പി.കെ. ജനാർദനൻ ആരോപിച്ചു.
ആറളം വില്ലേജ് ഓഫിസിന്റെ പിൻവശത്തെ മൺതിട്ട ഇടിഞ്ഞു വീഴാതിരിക്കാൻ 10 മാസം മുമ്പ് മന്ത്രി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചെങ്കിലും പ്രവൃത്തി തുടങ്ങാഞ്ഞത് ഓഫിസിനെ അപകടത്തിലാക്കുകയാണെന്ന് കേരള കോൺഗ്രസ് പ്രതിനിധി വിപിൻ തോമസ് ചൂണ്ടിക്കാട്ടി. 3.7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചതായി ഉടൻ പണികൾ നടത്തുമെന്നാണ് കലക്ടറേറ്റിൽനിന്ന് അറിയിച്ചതെന്നും എം.എൽ.എ മറുപടി നൽകി. ചെടികുളം ടൗണിലെ അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്ന് ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും കേരള കോൺഗ്രസ് പ്രതിനിധി മാത്തുക്കുട്ടി പ്ലാക്കലും ആവശ്യപ്പെട്ടു. കെ.ആർ.എഫ്.ബി റോഡ് പ്രവൃത്തിയുടെ ഭാഗമായി എടൂരിലെ ആൽമരം ഉൾപ്പെടെ മുറിക്കാനുള്ള നടപടി തീരുമാനിച്ചെങ്കിലും വലിയ തുക നിശ്ചയിച്ച് പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മരം അപകടാവസ്ഥയിൽ ആണെന്നും കേരള കോൺഗ്രസ് പ്രതിനിധി തോമസ് തയ്യിൽ ചൂണ്ടിക്കാട്ടി. കെ.എസ്.ടി.പി റോഡിൽ വെള്ളക്കെട്ട് ഗുരുതര പ്രതിസന്ധി ഉണ്ടാക്കുന്നതായും വഴിവിളക്ക് ഇല്ലാത്ത വൈദ്യുതി തൂണുകൾ മാത്രമാണുള്ളതെന്നും മട്ടന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുഗതൻ ചൂണ്ടിക്കാട്ടി. അയ്യൻകുന്ന് പാറക്കാമലയിൽ മണ്ണിടിച്ചലിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ അംഗം ബാബുരാജ് പായം ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് അംഗം എം. ഗീത, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. മിനി, ഇരിട്ടി ഭൂരേഖ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണൻ, ജോ. ആർ.ടി.ഒ ബി. സാജു, പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് എ.കെ. സഹിന, ഇബ്രാഹിം മുണ്ടേരി, കെ.പി. അനിൽകുമാർ, കെ. മുഹമ്മദലി, പി. ദിലീപൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.