ഇരിട്ടി താലൂക്കാശുപത്രി: പേവിഷത്തിന് പ്രതിരോധ കുത്തിവെപ്പില്ല; ജനം ദുരിതത്തിൽ
text_fieldsഇരിട്ടി: മലയോരത്തെ ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന ആശ്രയകേന്ദ്രമായ ഇരിട്ടി താലൂക്കാശുപത്രിയിൽ പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവെപ്പിന് മരുന്നില്ലാത്തത് മേഖലയിലെ നൂറുകണക്കിന് ആളുകളെ ദുരിതത്തിലാക്കി. ഇതുമൂലം മൃഗങ്ങളുടെ കടിയേറ്റ് വരുന്നവർക്ക് കുത്തിവെപ്പിന് ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
പട്ടി, പൂച്ച ഉൾപ്പെടെയുള്ള മൃഗങ്ങൾ കടിക്കുകയോ അവയുടെ നഖം മനുഷ്യശരീരത്തിൽ കൊള്ളുകയോ ചെയ്താൽ പേവിഷബാധക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. ഒരാൾക്ക് അഞ്ച് ഡോസ് മരുന്നാണ് നൽകേണ്ടത്. ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പട്ടി കടിച്ചും പൂച്ച ആക്രമിച്ചുമൊക്കെ ദിനംപ്രതി നിരവധിപേർ എത്താറുണ്ട്. പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നില്ലാത്തതിനാൽ മട്ടന്നൂരിലോ തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ട അവസ്ഥയാണ്. സർക്കാർ മരുന്ന് നൽകിയില്ലെങ്കിൽ ആശുപത്രി വികസനസമിതിയുടെ ഫണ്ട് ഉപയോഗിച്ചാണ് മരുന്ന് വാങ്ങേണ്ടത്. എന്നാൽ, ആശുപത്രി വികസനസമിതിയിൽ മരുന്ന് വാങ്ങാനുള്ള തുകയില്ല.
ജീവനക്കാർക്ക് ശമ്പളംവരെ നൽകാനാകാതെ ബുദ്ധിമുട്ടുകയുമാണ്. ഒരുമാസം ശരാശരി ഒരു ലക്ഷം രൂപയോളം പേവിഷബാധ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് വാങ്ങാൻ വേണ്ടിവരും. മൃഗങ്ങളുടെ ആക്രമണത്തിൽപെട്ട് ആശുപത്രിയിൽ എത്തുന്നവർ ജീവനക്കാരോട് ബഹളംവെച്ച് തിരിച്ചുപോവുന്ന അവസ്ഥയാണ്. ആരോഗ്യവകുപ്പ്, പേവിഷബാധ പ്രതിരോധമരുന്നെങ്കിലും ഇരിട്ടി താലൂക്കാശുപത്രിക്ക് നൽകി ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.