‘റോഡിന്റെ പാർശ്വഭിത്തി പൊളിക്കുമ്പോൾ പുനർനിർമാണ ഫണ്ടുകൂടി അനുവദിക്കണം’
text_fieldsഇരിട്ടി: ജൽജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡുകളുടെ പാർശ്വഭിത്തി പൊളിച്ച് കുഴിയെടുക്കുമ്പോൾ റോഡിനെ പൂർവ സ്ഥിതിയിലാക്കുന്നതിന് ആവശ്യമായ ഫണ്ട് പ്രവൃത്തിയുടെ ഭാഗമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പുനർനിർമാണ ഫണ്ട് ഇല്ലെങ്കിൽ പഞ്ചായത്ത് റോഡുകളിൽ നിർമാണ പ്രവൃത്തിക്ക് സഹകരിക്കാനും സമ്മതിക്കാനും പ്രയാസമാണെന്നും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പൂടാകം പറഞ്ഞു.
അയ്യൻകുന്ന് പഞ്ചായത്തിലെ റീസർവേയുമായി ബന്ധപ്പെട്ട വെമ്പുഴയുടെ അരനൂറ്റാണ്ടോളം പഴക്കമുള്ള മരാമത്ത് റോഡും വീടുകളും കൃഷിയിടങ്ങളും സെമിത്തേരികുന്നും ഉൾപ്പെടെ കൈയേറ്റം ആണെന്ന നിലയിൽ കുറ്റിയിട്ടതുമായി ബന്ധപ്പെട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ പരിശോധന റിപ്പോർട്ട് സർക്കാറിലേക്ക് അയച്ചതായും തുടർനടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും തഹസിൽദാർ സി.വി. പ്രകാശൻ അറിയിച്ചു.
വനാതിർത്തികളിൽ സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും ആവശ്യമായ ഇടങ്ങളിൽ പുതിയ വേലി സ്ഥാപിക്കുന്നതിന് വനംവകുപ്പിന് അയച്ചതായും ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ അറിയിച്ചു.
ആറളം ഫാം പുനരധിവാസ മേഖലയിൽ ബന്ധിപ്പിക്കുന്ന 10 റോഡുകളുടെ നിർമാണത്തിലെ പുരോഗതി അറിയിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ആവശ്യപ്പെട്ടു. ഒരു റോഡിന് മാത്രമാണ് ഫണ്ട് അനുവദിച്ചതെന്നും മറ്റ് റോഡുകൾക്കുള്ള എസ്റ്റിമേറ്റ് സർക്കാറിന്റെ പരിഗണനയിലാണെന്നും ഡി.ആർ.ഡി.എം സൈറ്റ് മാനേജർ അനൂപ് അറിയിച്ചു.
കെ.എസ്.ടി.പി റോഡുകളിലെ സോളാർ വിളക്കുകൾ ഭീഷണിയാവുന്ന സാഹചര്യം വീണ്ടും ചർച്ച ചെയ്തു. ഇക്കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.