കുമാരേട്ടന് സ്നേഹക്കൂട്ടായി ജിമ്മി
text_fieldsഇരിട്ടി: വാർധക്യത്തിൽ ഇഴപിരിയാത്ത സ്നേഹ സൗഹൃദത്തിന്റെ വേദിയാവുകയാണ് കോളിക്കടവ് പട്ടാരത്തെ മൊട്ടമ്മൽ കുമാരേട്ടന്റെ വീട്. പ്രായമാകുമ്പോൾ പലപ്പോഴും മക്കൾ പോലും തുണക്കെത്താത്ത ഇന്നത്തെ കാലത്ത് മനസ്സറിഞ്ഞു തുണക്കെത്തുകയാണ് ജിമ്മി എന്ന നായ്. വർഷങ്ങൾക്കു മുമ്പ് ശൗചാലയത്തിന്റെ കുഴിയിൽ ആരാലോ ഉപേക്ഷിക്കപ്പെട്ട ഒരു പട്ടിക്കുട്ടിയായിരുന്നു ജിമ്മി.
അതിനെ രക്ഷപ്പെടുത്തി പാലും ബിസ്കറ്റും നൽകി വളർത്തിയപ്പോൾ കുമാരേട്ടന്റെ രക്ഷകനായി ജിമ്മി ഇന്നും ഒപ്പമുണ്ട്. ഏതാണ്ട് മൂന്നുവർഷം മുമ്പാണ് ഇരിട്ടി നേരമ്പോക്കിൽ പാട്ടത്തിനെടുത്ത സ്ഥലത്തെ കൃഷി ചെയ്യുന്നതിനിടയിൽ ജിമ്മിയെ കുമാരേട്ടൻ രക്ഷപ്പെടുത്തിയത്. കുമാരേട്ടനെ വിട്ടെങ്ങും പോകാത്ത ജിമ്മി നാലു പ്രാവശ്യമാണ് പാമ്പ് കടിയേൽക്കാതെ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പിന്നീട് കോളിക്കടവ് പട്ടാരത്തിലുള്ള വീട്ടിലെത്തിയപ്പോഴും ഇവരുടെ സൗഹൃദം വളർന്നു പന്തലിക്കുകയായിരുന്നു. വിളിച്ചാൽ വിളി കേൾക്കും.
രാവിലെ കുമാരേട്ടന് വടിയുമെടുത്ത് കൊടുത്ത് പാലു വാങ്ങാൻ പാത്രവുമായി അദ്ദേഹത്തോടൊപ്പം പോകും. പറമ്പിൽനിന്ന് തേങ്ങ കൊണ്ടുവരും. ചെരിപ്പെടുത്തു നൽകാൻ കുമാരേട്ടൻ പറഞ്ഞാൽ ചെരിപ്പെടുത്തു നൽകും. വീടിന്റെ താക്കോലാണെങ്കിൽ കൃത്യമായി എടുത്തു നൽകും. വിശക്കുമ്പോൾ ഭക്ഷണത്തിനായി പാത്രമെടുത്തു നൽകും. ചില അഭ്യാസപ്രകടനങ്ങൾ നടത്താനും ജിമ്മി മോശമല്ല. ആളുകളെ കണ്ടാൽ നമസ്കാരം പറയും. എന്തിനേറെ പറയുന്നു ജിമ്മി ഡാൻസും ചെയ്യും. കുറച്ചുനാളുകൾക്ക് മുമ്പ് പേപ്പട്ടി കടിയേറ്റ ജിമ്മി ചികിത്സയിലൂടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടതും. മികച്ച കർഷകനായ മൊട്ടമ്മൽ കുമാരേട്ടന്റെ ഒരു കാവൽക്കാരൻ കൂടിയാണ് ജിമ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.