വൈദ്യുതി ലൈൻ മാറ്റിയില്ല; കാക്കയങ്ങാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് നിർമാണം പാതിവഴിയിൽ
text_fieldsഇരിട്ടി: വള്ളിത്തോട് -മണത്തണ മലയോര ഹൈവേ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി റോഡരികിലെ ജല അതോറിറ്റിയുടെ പമ്പ് ഹൗസ് മാറ്റാനുള്ള നീക്കം അനിശ്ചിതത്വത്തിൽ. കാക്കയങ്ങാട് കുടിവെള്ള പദ്ധതിക്കായി പാലപ്പുഴ പുഴയോരത്ത് സ്ഥാപിച്ച പമ്പ് ഹൗസാണ് മാറ്റി സ്ഥാപിക്കേണ്ടത്. പമ്പ് ഹൗസിനായി ജല അതോറിറ്റി പണം അനുവദിച്ച് കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും പഴയ പമ്പ് ഹൗസിനും പുതുതായി എടുക്കുന്ന പമ്പ് ഹൗസിനും ഇടയിലൂടെ പോകുന്ന എച്ച്.ടി ലൈൻ മാറ്റുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
പാലപ്പുഴ പുഴയിൽ നിന്നും മുഴക്കുന്ന് പഞ്ചായത്തിലെ 140 തോളം കുടുംബങ്ങൾക്കാണ് കാക്കയങ്ങാട് കുടിവെള്ള പദ്ധതിയിൽ നിന്നും കുടിവെള്ളം എത്തിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ ലക്ഷംവീട് കോളനികളിലുള്ളവരും ആദിവാസി ഊരുകളിലുള്ളവരുമുണ്ട്. കൂടാതെ, 21 പൊതു ടാപ്പുകളും പദ്ധതിയുടെ ഭാഗമാണ്.
കുടിവെള്ള പദ്ധതിയുടെ നിലവിലുള്ള പമ്പ് ഹൗസ് പാലപ്പുഴ, ആറളം ഫാം കവലയിൽ റോഡിനോട് ചേർന്നാണ്. പമ്പ് ഹൗസ് പൂർണമായും പൊളിച്ചു നീക്കിയാൽ മാത്രമേ ഇവിടെ റോഡ് വികസിപ്പിക്കാൻ കഴിയുകയുള്ളൂ. ഈ ഭാഗം ഒഴിച്ച് റോഡിന്റെ ഇരുഭാഗത്തും വീതികൂട്ടൽ പൂർത്തിയായി. കെട്ടിടം പൊളിക്കുന്നതിലുണ്ടാകുന്ന കാലതാമസം റോഡിന്റെ പൂർത്തീകരണത്തെയും ബാധിക്കുന്നു. നിലവിലുളള കെട്ടിടത്തിൽ നിന്ന് അൽപം മാറി പുതിയ കെട്ടിടത്തിന്റെ ഭിത്തിയുടെ ഭാഗം വരെ പൂർത്തിയാക്കിയെങ്കിലും കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കണമെങ്കിൽ എച്ച്.ടി ലൈൻ മാറ്റുകയോ നിർമാണം പൂർത്തിയാകുന്നത് വരെ ലൈൻ ഓഫാക്കിയിടുകയോ വേണം.
എന്നാൽ, ഇതു രണ്ടിനും അനുകൂലമായ സമീപനം വൈദ്യുതി വകുപ്പിൽ നിന്നും ഉണ്ടായിട്ടില്ല. എച്ച്.ടി ലൈൻ മാറ്റുന്നതിനുള്ള പണം കരാറുകാരനോ ജല അതോറിറ്റിയോ വിനിയോഗിക്കണമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. റോഡിന്റെ നവീകരണം ഏറ്റെടുത്തവർ ആദ്യം ഇതിന് തയാറായിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റി. മേൽക്കൂരയുടെ കോൺക്രീറ്റ് കഴിയുന്നതുവരെ ലൈൻ ഓഫാക്കാനുള്ള നിർദേശവും പരിഗണിക്കപ്പെടാതെ പോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.