കരിക്കോട്ടക്കരി റീസർവേ; നഷ്ടമാകുന്നത് വീടും സാംസ്കാരിക നിലയവും അമ്പലവും
text_fieldsഇരിട്ടി: കരിക്കോട്ടക്കരി വില്ലേജിലെ റീസർവേയിൽ വീണ്ടും വിവാദം. വർഷങ്ങളായി പട്ടയം ഉൾപ്പെടെ എല്ലാ രേഖകളും ഉള്ളതും നികുതി അടച്ച് അനുഭവിച്ചു വരുന്നതുമായ സ്ഥലങ്ങൾ, വീടും, അമ്പലവും, സാംസ്കാരിക നിലയം ഉൾപ്പെടെ പുറമ്പോക്കായി അടയാളപ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. സ്ഥലം ഉടമയെ പോലും അറിയിക്കാതെയാണ് ഇവിടങ്ങളിൽ റീസർവേ നടപടികൾ പൂർത്തിയാക്കിയതെന്നും ഉദ്യോഗസ്ഥർക്ക് എതിരെ പരാതി ഉയരുന്നുണ്ട്. മറ്റു വില്ലേജുകളെ അപേക്ഷിച്ച് തീരെ സുതാര്യമല്ലാത്ത സർവേ നടപടികളാണ് കരിക്കോട്ടക്കരി വില്ലേജിൽ നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. മിച്ചഭൂമി പ്രശ്നം നിലനിൽക്കുന്ന നിർമ്മലഗിരി കോളനി ഉൾപ്പെടെ ലാൻഡ് ബോർഡിന്റെ ഉത്തരവ് പരിഗണിക്കാതെയാണ് റീ സർവേ നടപടികൾ നടത്തിയത്.
സർവേ നമ്പർ 279 പ്രകാരം 16.5 സെന്റ് ഭൂമിയിൽ കഴിഞ്ഞ 13 വർഷമായി മാഞ്ചോടിലെ താമസക്കാരനായ കൊല്ലിയെപുലത്ത് സജീവന്റെ ആകെയുള്ള സ്ഥലവും പുരയിടവും പൂർണമായും പുറമ്പോക്കിൽ വരുമെന്നാണ് റീസർവേ വിഭാഗം പറയുന്നത്. ഭാര്യ ദീപയുടെ പേരിലുള്ള സ്ഥലത്തിന് സജീവൻ 15 വർഷമായി നികുതി അടക്കുന്നുണ്ട്. എന്നാൽ, റീസർവേ വിഭാഗത്തിന്റെ കണക്കിൽ ഭൂമി പുറമ്പോക്കിലാണ്.
മാഞ്ചോടിലെ അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ വർഷങ്ങൾ പഴക്കമുള്ള അമ്പലം പുറമ്പോക്കിൽ ആണെന്നാണ് റീസർവേയുടെ കണക്ക്. കൂടാതെ ഏതാനും മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം കഴിഞ്ഞ ആറളം പഞ്ചായത്ത് സംസ്കാരിക നിലയവും പുറമ്പോക്കിലാണ്. ജേക്കബ് കീഴാമലയിൽ, രാജമ്മ തേക്കനാംകുന്നേൽ, നാരായണൻ അമ്പലക്കാട്ടിൽ, അലക്സ് തേക്കനാടിയിൽ, സിബി കൊരണ്ടിക്കവേലിൽ, മോഹനൻ ആലക്കൽ, അജി ഞാറളത്തേൽ, കെ.പി. രാജേഷ്, അനിൽ കുമാർ ചുരുവിള തുടങ്ങി നിരവധി പേരുടെ സ്ഥലവും വീടുംകാർപോർച്ചും കൃഷിയിടവും പൊതുമരാമത്ത് റോഡ് ഉൾപ്പെടെ പുറ മ്പോക്കിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.