കരിന്തളം-വയനാട് 400 കെ.വി ലൈൻ നഷ്ടപരിഹാര പാക്കേജ് കർമസമിതി തള്ളി; മന്ത്രിതല യോഗം വിളിക്കണമെന്ന് ആവശ്യം
text_fieldsഇരിട്ടി: നിർദിഷ്ട കരിന്തളം- വയനാട് 400 കെ.വി. വൈദ്യുതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനായി കെ.എസ്.ഇ.ബി മുന്നോട്ടുവെച്ച വ്യവസ്ഥകൾ ജനപ്രതിനിധികളും കർമസമിതി അംഗങ്ങളും സ്ഥലം ഉടമകളും തള്ളി.
പ്രശ്നം പരിഹരിക്കാൻ ബുധനാഴ്ച ഇരിട്ടി ഐ.ബി യിൽ ചേർന്ന മേഖലയിലെ ജനപ്രതിനിധികളും സ്ഥലം ഉടമകളും കർമ്മ സമിതി ഭാരവാഹികളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. വൈദ്യുതി മന്ത്രിയുടെ നിർദേശപ്രകാരം ലൈൻ കടന്നുപോകുന്ന നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാരുമായി ജില്ല കലക്ടർ നടത്തിയ ചർച്ചയിൽ ഉയർന്ന നിർദേശത്തിന്റെ ഭാഗമായായിരുന്നു ബുധനാഴ്ചത്തെ യോഗം.
വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ലൈൻ കടന്നു പോകുന്ന നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ ജനപ്രതിനിധികൾ കർമ സമിതി ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ ചർച്ചകൾ നടത്തണമെന്നും വിപണി വില അടിസ്ഥാനമാക്കിയുള്ള പാക്കേജിന് രൂപം നൽകണമെന്നും ഇന്നലത്തെ യോഗം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം ഉണ്ടാകുന്നത് വരെ ഭൂമിയിൽ ഉദ്യോഗസ്ഥർ പ്രവേശിക്കരുതെന്ന് എം.എൽ.എമാരായ സജീവ് ജോസഫും സണ്ണിജോസഫും നിർദേശിച്ചു.
എടമൺ കൊച്ചിയിലും മാടക്കത്തറയിലും നടപ്പാക്കിയ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥകൾ യോഗത്തിൽ അവതരിപ്പിച്ചു. ഈ പാക്കേജ് കാലോചിതമായി പരിഷ്കരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
2015ൽ നടപ്പാക്കിയ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ച് ഇരട്ടിയുടെ 80 ശതമാനവും ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലത്തിന് ന്യായവിലയുടെ രണ്ട് ഇരട്ടിയുടെ 15 ശതമാനവും 40ശതമാനം എസ്ഗ്രേഷ്യയും വിള നഷ്ടത്തിന് സ്ഥിതി വിവര വകുപ്പിന്റെ വ്യവസ്ഥകൾ അനുസരിച്ചിട്ടുള്ള നഷ്ടപരിഹാരവും നൽകുമെന്ന വ്യവസ്ഥയാണ് അധികൃതർ മുന്നോട്ടുവച്ചത്.
ന്യായവില നിർണയം വലിയ പരാതിയായി നിലനിൽക്കെ, വിപണി വില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാര പാക്കേജ് അല്ലാതെ മറ്റൊന്നിനും തയാറല്ലെന്ന് ഉടമകളും ജനപ്രതിനിധികളും അധികൃതരെ അറിയിച്ചു. കെ.എസ്.ഇ.ബി അധികൃതർ ഗൂഢനീക്കത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും സ്ഥല ഉടമകളെ യഥാർഥ വസ്തുത അറിയിക്കുന്നില്ലെന്നും കടുത്ത വിമർശനം ഉണ്ടായി.
യോഗത്തിന് നേതൃത്വം നൽകിയ എം.എൽ.എമാരായ സണ്ണി ജോസഫും സജീവ് ജോസഫും കെ.എസ്.ഇ.ബിയോട് അതൃപ്തി പ്രകടമാക്കി. കുറേക്കൂടി അനുഭവപൂർവ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേലായുധൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ.
പി .രജനി, സി .ടി അനീഷ്, ആൻറണി സെബാസ്റ്റ്യൻ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി വാഴപ്പള്ളി , അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിനി വിശ്വനാഥൻ തുടങ്ങിയവരും കർമസമിതി പ്രതിനിധികളായ ഫാദർ പയസ് പടിഞ്ഞാറേ മുറിയിൽ, ടോമി കരുവഞ്ചാൽ, കെ. എ ഫിലിപ്പ്, ജോർജ് കിളിയന്തറ, പൈലി വാത്യാട്ട്, ജോസഫ് അണിയറ, ബെന്നി പുതിയാമ്പ്രം.
ബെന്നി പുത്തൻപറമ്പിൽ, കെ.എസ്.ഇ.ബി ട്രാൻസ് ഗ്രിഡ് എക്സിക്യൂട്ടിവ് എൻജിനീയർ എം. കൃഷ്ണേന്ദു, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ പി.ബി. അമർനാഥ്, ടി. പി. ഷഹന ഷാഹുൽ, അസിസ്റ്റൻറ് എൻജിനീയർ എം .അബ്ദുൽ കൈസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.