കരിന്തളം -വയനാട് 400 കെ.വി ലൈൻ: പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചേക്കും
text_fieldsഇരിട്ടി: കരിന്തളം -വയനാട് 400 കെ.വി ലൈൻ വലിക്കുന്നതിലെ പ്രതിസന്ധി തീർക്കാൻ പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം ഊർജിതമാക്കി.
പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാതെ കർഷകരുടെ ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന ജനകീയ കർമസമിതി ശക്തമായ നിലപാട് എടുത്തതോടെയാണ് ലൈൻ വലി പ്രതിസന്ധിയിലായത്. കർമസമിതി ഭാരവാഹികളും ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ എം.എൽ.എമാരും വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കർമസമിതി മുന്നോട്ടു വെച്ച നിർദേശം പഠിച്ച് പ്രത്യേക നഷ്ടപരിഹാര പാക്കേജിന് ഒരാഴ്ച്ചക്കുള്ളിൽ രൂപം നൽകാൻ നിർദേശിച്ചിരുന്നു.
വൈദ്യുതി വകുപ്പ് ചീഫ് എൻജിനീയർ തലത്തിൽ ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസ്സിലാക്കാൻ ജില്ല കലക്ടർ പ്രത്യേക യോഗം വിളിച്ചു ചേർത്ത് ജനപ്രതിനിധികളിൽ നിന്നും കർമസമിതി ഭാരവാഹികളിൽ നിന്നും നിർദേശം സ്വീകരിച്ചു തുടങ്ങി.
പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലം തലത്തിൽ രൂപപ്പെടുത്തേണ്ട നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ജില്ല കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എം.എൽ.എൽമാരായ സണ്ണിജോസഫും സജീവ് ജോസഫും നേരിട്ടും തളിപ്പറമ്പ്, പയ്യന്നൂർ എം.എൽ.എമാരുടെ പ്രതിനിധികൾ ഓൺ ലൈനായും പങ്കെടുത്തു.
കെ.എസ്.ഇ.ബി ഹൈടെക് ലൈൻ വലിക്കുന്നതിന് ഇടമൺ കൊച്ചി, മാടക്കത്തറ ഭാഗങ്ങളിൽ നടപ്പാക്കിയ പാക്കേജ് കരിന്തളം - വയനാട് പദ്ധതിക്കും നടപ്പാക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഈ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായ വിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം അനുവദിക്കും.
ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ രണ്ടര സെന്റ് പ്രകാരം ന്യായ വില കണക്കാനുള്ള ചർച്ചകൾ ഉണ്ടായെങ്കിലും ഇത് കർമസമതി ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും സ്വീകാര്യമായില്ല. ലൈൻ ഉയരം അനുസരിച്ച് നഷ്ടപരിഹാരത്തിൽ ഏറ്റക്കുറച്ചാലുകൾ വരുത്താനുള്ള നിർദേശവും അംഗീകരിക്കപ്പെട്ടിട്ടില്ല.
ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ വിളകൾക്കുണ്ടാകുന്ന ഉണ്ടാകുന്ന നഷ്ടം പ്രത്യേകമായും കണക്കാക്കും. കർമസമിതി ഭാരവാഹികളുമായി കൂടുതൽ ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച ഇരിട്ടിയിൽ ജനപ്രതിനിധികൾ, കർമസമതി ഭാരവാഹികൾ, തഹസിൽദാർ, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.