കോളിത്തട്ട് സർവിസ് ബാങ്ക് വായ്പ തിരിമറി; സി.പി.എം ഏരിയ കമ്മിറ്റി അംഗമടക്കം അഞ്ചുപേരെ തരംതാഴ്ത്തി
text_fieldsഇരിട്ടി: സി.പി.എം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവിസ് സഹകരണ ബാങ്കിലെ വായ്പ തിരിമറിയിൽ ആരോപണവിധേയരായ ഏരിയ കമ്മിറ്റി അംഗത്തിനും നാല് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും എതിരെ അച്ചടക്ക നടപടി. പേരട്ട ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് നടപടി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ലോക്കൽ സെക്രട്ടറിയുടെ ചുമതല പാർട്ടി ഏരിയ കമ്മിറ്റി അംഗത്തിന് കൈമാറി. ആരോപണവിധേയനായ ഇരിട്ടി ഏരിയ കമ്മിറ്റി അംഗത്തെ ലോക്കലിലേക്ക് തരംതാഴ്ത്തി.
ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവും ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായ കെ.ജി. ദിലീപനാണ് ലോക്കൽ സെക്രട്ടറിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. മുൻ ബാങ്ക് സെക്രട്ടറിയും പേരട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.ജി. നന്തനൻകുട്ടി, ബാങ്ക് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ ഇ.ടി. ജോസ്, ലോക്കൽ കമ്മിറ്റി അംഗം പി. ഷിനോജ്, ബാങ്ക് ജീവനക്കാരനും മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ ശിവദാസൻ, ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി സംഘടന നേതാവുമായ ഇ.എസ്. സത്യൻ എന്നിവർക്കെതിരെയാണ് നടപടി. ഇ.എസ്. സത്യനെ ഏരിയ കമ്മിറ്റിയിൽനിന്ന് ലോക്കലിലേക്ക് തരം താഴ്ത്തി. ബാങ്ക് ജീവനക്കാരനായ ശിവദാസനെ നേരത്തേ മറ്റൊരു പരാതിയിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ലോക്കൽ സെക്രട്ടറിയെയും മറ്റു രണ്ടു പേരെയും ബ്രാഞ്ചിലേക്കുമാണ് താരം താഴ്ത്തിയത്.
ബാങ്കിൽ കോടികളുടെ വായ്പ തിരിമറിയും നിക്ഷേപ തട്ടിപ്പും നടന്നതായി സഹകരണ സംഘം ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കാലാവധി എത്തിയിട്ടും നിക്ഷേപ തുക തിരിച്ചുനൽകാത്തതും മരിച്ചയാളുടെ പേരിലും വ്യാജ സാക്ഷിയൊപ്പിട്ടും വായ്പ വെട്ടിപ്പ് നടന്നതായും പരിശോധനയിൽ കണ്ടെത്തി. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണമെടുത്ത് മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയതായും കണ്ടെത്തിയിരുന്നു.
പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ പാർട്ടി സ്ഥാപനത്തിന്റെ അധികാര കേന്ദ്രത്തിലിരിക്കുന്നവർക്കും ചില ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും തിരിമറിയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കുള്ളതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി. പാർട്ടി ഇരിട്ടി ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവും ഉൾപ്പെട്ട യോഗത്തിലാണ് അച്ചടക്ക നടപടി. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് രൂപവത്കരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് കോളിത്തട്ട് സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. ധർണക്ക് അഭിവാദ്യമർപ്പിച്ച് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.