കൂട്ടുപുഴ പഴയ പാലം റോഡ് അടച്ചു; ഒറ്റപ്പെട്ട് അന്തേവാസികൾ
text_fieldsഇരിട്ടി: സംസ്ഥാന അതിർത്തിയിലെ കൂട്ടുപുഴ പഴയ പാലം റോഡ് കർണാടക പൊലീസ് ബാരിക്കേഡു വെച്ച് അടച്ചു. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ പഴയ പാലത്തിലൂടെ ഗതാഗതം കുറഞ്ഞിരുന്നു. അതിർത്തിയിലെ പരിശോധനയുടെ ഭാഗമായി പഴയ പാലത്തിലൂടെയുള്ള ഗതാഗതം കൂട്ടുപുഴ ഭാഗത്ത് കേരള പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞിരുന്നു.
ഇതോടെ അതിർത്തിയിലെ പുതിയ പാലത്തിന്റെ അരികിലൂടെയേ വൃദ്ധരും മാനസിക വൈകല്യമുള്ളവരും താമസിക്കുന്ന സ്ഥലമായ സ്നേഹഭവനിലേക്ക് എത്താൻ സാധിക്കൂ. നൂറിലധികം അന്തേവാസികൾ ഇവിടെയുണ്ട്. ഇവിടേക്ക് സഹായങ്ങളുമായി ആളുകൾ എത്തുന്നതും ഇവിടെയുള്ളവർക്ക് മറ്റു അസുഖങ്ങൾ വന്നാൽ ആശുപത്രിയിലേക്ക് പോകുന്നതുൾപ്പെടെ പുതിയപാലം കടന്ന് പഴയ പാലത്തിലേക്കുള്ള റോഡിലൂടെ ആയിരുന്നു.
ഇതിന്റെ കവാടത്തിൽ ബാരിക്കേഡുവെച്ച് കർണാടക പൊലീസ് തടസ്സം സൃഷ്ടിച്ചതോടെ സ്നേഹഭവൻ ഒറ്റപ്പെട്ട നിലയിലായി. അതിർത്തി തർക്കത്തിന്റെ പേരിൽ രണ്ടു വർഷത്തോളം കൂട്ടുപുഴയിലെ പുതിയ പാലത്തിന്റെ നിർമാണം കർണാടക വനംവകുപ്പ് തടഞ്ഞിരുന്നു.
അതിർത്തിയിൽ മറ്റ് പ്രദേശങ്ങളിലും കർണാടക കേരളത്തിന്റെ അധീനതയിലുള്ള സ്ഥലം കൈയേറ്റം നടത്തുന്നതായും പരാതിയുണ്ട്.
തകർച്ചഭീഷണിയിലായ പഴയ പാലത്തെ പൈതൃകമായി സംരക്ഷിക്കുമെന്ന് കെ.എസ്.ടി.പി പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി ഒമ്പതു ലക്ഷം ചെലവിൽ പാലം പെയിന്റിങ് പ്രവൃത്തി ഉൾപ്പെടെ നടത്തി മോടി കൂട്ടുകയും ഉപരിതലം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു. കർണാടകയുടെ പുതിയ സമീപനത്തോടെ പഴയ പാലം ഇനി ഗതാഗതത്തിന് സമാന്തരപാതയായി പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.