കൊട്ടിയൂർ മഹോത്സവം; നെയ്യമൃത് വ്രതക്കാർ മഠങ്ങളിൽ പ്രവേശിച്ചു
text_fieldsഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കംകുറിച്ച് 15ന് നടക്കുന്ന നെയ്യാട്ടത്തിന് നെയ്യമൃത് വ്രതക്കാർ മഠങ്ങളിൽ പ്രവേശിച്ചു. കഴിഞ്ഞ പ്രക്കൂഴം നാളിൽ വ്രതമാരംഭിച്ച സംഘങ്ങൾ തിങ്കളാഴ്ച ആയില്യം നാളിൽ കലശംകുളിച്ച് പഞ്ചഗവ്യം സേവിച്ച് ദേഹശുദ്ധി വരുത്തിയാണ് മഠങ്ങളിൽ പ്രവേശിച്ച് കഠിന വ്രതമാരംഭിച്ചത്. 28 ദിവസത്തെ വ്രതനിഷ്ഠയോടെയാണ് നെയ്യുമായി കൊട്ടിയൂരിലേക്ക് മഠങ്ങളിൽനിന്ന് വ്രതക്കാർ കാൽനടയായി യാത്രതിരിക്കുക. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ മഠം കാരണവർ പി.ആർ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 18 പേരാണ് തിങ്കളാഴ്ച മഠത്തിൽ പ്രവേശിച്ചത്. ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി കലശംകുളിക്ക് നേതൃത്വം നൽകി. കാക്കയങ്ങാട് പാല മഠത്തിൽ കാരണവർ മാവില ബാലൻ നമ്പ്യാരുടെ നേതൃത്വത്തിൽ 18 പേർ മഠത്തിൽ പ്രവേശിച്ചു. ആറളം കീഴ്പ്പാട്ടില്ലം കൃഷ്ണൻ നമ്പൂതിരി ചടങ്ങിന് കാർമികത്വം വഹിച്ചു.
പുന്നാട് കുഴുമ്പിൽ മഠത്തിൽ നിട്ടൂർ ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ 12 പേരാണ് മഠത്തിൽ കയറിയത്. പുതിയടത്ത് രാജൻ നമ്പൂതിരി കലശം കുളിക്ക് കാർമികത്വം വഹിച്ചു. പായം മഹാവിഷ്ണു ക്ഷേത്രത്തിൽ കൈതേരി കൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ നാലുപേർ മഠത്തിൽ കയറി കഠിനവ്രതമാരംഭിച്ചു. ശങ്കരൻ നമ്പൂതിരി കലശംകുളി ചടങ്ങിന് കാർമികത്വം വഹിച്ചു. 15ന് പുലർച്ച ഭഗവാന്റെ സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള നെയ്ക്കുടങ്ങളുമായി ഇവർ കാൽനടയായി പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.