ചോർച്ചയും സീലിങ് അടർന്നുവീഴലും; ഇരിട്ടി അഗ്നിരക്ഷ നിലയം തകർച്ചഭീഷണിയിൽ
text_fieldsഇരിട്ടി: ദുരന്തമുഖത്ത് ജനങ്ങളുടെ രക്ഷകരാകുന്ന അഗ്നിരക്ഷ നിലയം ജീവനക്കാർ ഇപ്പോൾ തങ്ങളുടെ രക്ഷകരെ തേടുകയാണ്. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ സുരക്ഷിതമല്ലാത്ത അവസ്ഥയിൽ കഴിയുന്ന ഇരിട്ടി അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാരാണ് ഈ മഴക്കാലംകൂടി എങ്ങനെ തള്ളിനീക്കുമെന്ന അവസ്ഥയിൽ വിഷമവൃത്തത്തിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം അഗ്നിരക്ഷ നിലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര അടർന്നുവീണതിനെ തുടർന്ന് ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. സംഭവം നടക്കുമ്പോൾ 15ഓളം ജീവനക്കാർ നിലയത്തിലുണ്ടായിരുന്നു. തൊട്ടുമുമ്പ് അടുക്കള ഭാഗത്തെ കോൺക്രീറ്റ് മേൽക്കൂരയുടെ ഭാഗവും അടർന്നുവീണിരുന്നു.
35ഓളം ജീവനക്കാർ ജോലി ചെയ്യുന്ന കെട്ടിടം അപകടാവസ്ഥയിലായിട്ട് കാലങ്ങളായെങ്കിലും പകരം സംവിധാനം ഒരുക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. 50 വർഷത്തോളം പഴക്കമുള്ള പഴയ ഇരിട്ടി ഗവ. ആശുപത്രി കെട്ടിടമാണ് 12 വർഷം മുമ്പ് അഗ്നിരക്ഷ നിലയത്തിന് നൽകിയത്.
പഴകി ജീർണാവസ്ഥയിലായ കെട്ടിടത്തിന്റെ മുക്കാൽ ഭാഗം മേൽക്കൂരയും ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് നിർമിച്ചതാണ്. ചില ഭാഗങ്ങളിലെ ഓടുമേഞ്ഞ മേൽക്കൂരയും തകർന്ന് മഴപെയ്യുമ്പോൾ മുറി മുഴുവൻ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്.
അഗ്നിരക്ഷ നിലയം പ്രവർത്തനം തുടങ്ങിയതുമുതൽ നിരവധി രക്ഷാപ്രവർത്തനങ്ങളാണ് ജീവനക്കാരുടെ നേതൃത്വത്തിൽ നടന്നത്. കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കത്തിലും വേനൽക്കാലത്ത് മലയോര മേഖലകളിൽ ഉണ്ടാകുന്ന അഗ്നിബാധയിലുമെല്ലാം മികച്ച പ്രവർത്തനം കാഴ്ചവെച്ച അഗ്നിരക്ഷസേന പ്രവർത്തകർക്ക് നല്ലൊരു ഓഫിസ് സൗകര്യം പോലുമില്ലെന്ന അവസ്ഥയിലാണ്.
റോഡിൽനിന്ന് താഴ്ന്നുകിടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് മഴക്കാലത്ത് വെള്ളം കയറുന്നതും പതിവാണ്. ഉപകരണങ്ങളും ഫയലുകളുമെല്ലാം ഇത്തരത്തിൽ വെള്ളം കയറി നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ സേനയുടെ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്തെ ചുറ്റുമതിലും ഇടിഞ്ഞുവീണിരുന്നു.
ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരി കോറമുക്കിൽ റവന്യൂ വകുപ്പിന്റെ സ്ഥലത്ത് അഗ്നിരക്ഷ നിലയത്തിന് കെട്ടിടം പണിയാൻ 40 സെന്റ് അനുവദിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് താലൂക്ക് സർവേ വിഭാഗം സ്ഥലം അളന്നുതിരിച്ചെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. നിലവിലുള്ള കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളും കാലപ്പഴക്കത്താൽ അടർന്നുവീഴാവുന്ന അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.