അധികൃതരേ കാണുക...സഞ്ചാരികൾക്ക് സൗകര്യമൊരുക്കാൻ നാട്ടുകാരുണ്ട്
text_fieldsഇരിട്ടി :ഏറെ നാളത്തെ മുറവിളിക്ക് ശേഷവും പടിയൂർ പഞ്ചായത്തിലെ നിടിയോടിയെ ടൂറിസം വകുപ്പ് അധികൃതർ അവഗണിച്ചതിൽ പ്രതിഷേധിച്ച് ജനങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ സഞ്ചാരികൾക്കായി സൗകര്യമൊരുക്കാൻ ഗ്രാമവാസികൾ കൂട്ടായ്മ രൂപവത്കരിച്ചു. പ്രകൃതിഭംഗി കൊണ്ടും നയന മനോഹര കാഴ്ചകൾ കൊണ്ടും ആരുടെയും മനം മയക്കുന്നതാണ് ഈ പ്രദേശം.
പഴശ്ശി പദ്ധതിയോട് ചേർന്ന, അധികമാരാലും അറിയപ്പെടാത്ത ഈ പ്രദേശത്തെ കാഴ്ചകൾ നുകരാൻ സഞ്ചാരികൾ അന്വേഷിച്ച് എത്താറുണ്ട്. പഴശ്ശി പദ്ധതി പ്രദേശത്തെ മരങ്ങൾ തണലേകുമ്പോൾ ഉച്ചസമയത്ത് പോലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാം. ഇവിടെനിന്ന് എടക്കാനം വ്യൂ പോയന്റിലേക്കുള്ള കാഴ്ചയും അതിമനോഹരം. പഴശ്ശി ജലാശയം നാലുഭാഗവും ചുറ്റപ്പെട്ട അകംതുരുത്തി ദ്വീപ് കണ്ണെത്തും ദൂരത്താണ്.
ദേശാടനക്കിളികളെ കൊണ്ടും മറ്റും അനുഗൃഹീതമായ ദ്വീപ് അധികൃതർ ശ്രമിച്ചാൽ ടൂറിസം ഭൂപടത്തിലെത്തിക്കാനും സഞ്ചാരികളുടെ പറുദീസയാക്കാനും സാധിക്കും. ബോട്ട് സർവിസ് കൂടി പഴശ്ശി ജലാശയത്തിൽ ആരംഭിക്കുന്ന പക്ഷം ജില്ലയിലെ തന്നെ മികച്ച ടൂറിസ്റ്റ് സ്പോട്ട് ആയി ഈ പ്രദേശം മാറും.
എന്നാൽ, ബന്ധപ്പെട്ടവരാരും അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .ഇതോടെയാണ് നാട്ടുകാർ നിടിയോടി പുഴക്കര വികസന സമിതി എന്ന പേരിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ശ്രമം ആരംഭിച്ചതെന്ന് വാർഡ് മെംബർ രാജീവൻ പറഞ്ഞു.
പി.വി. മനോഹരൻ ചെയർമാനും ഐ.കെ. ഭാസ്കരൻ കൺവീനറുമായ കമ്മിറ്റി സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുള്ള ആലോചനയിലാണ്. ഇറിഗേഷൻ സ്ഥലം കൈമാറുന്നതോടെ ഓപൺ ജിമ്മും സൈക്ലിങ്ങും കുട്ടികൾക്കുള്ള പാർക്ക് ഉൾപ്പെടെ നിർമിക്കും. അതിനുള്ള പ്രാരംഭ പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.