മാധവിയമ്മക്ക് പ്രായം വെറും സംഖ്യമാത്രം
text_fieldsഇരിട്ടി: 96ാം വയസ്സിലും 28 കാരിയുടെ ചുറുചുറുക്കാണ് തില്ലങ്കേരി ഇടീക്കുണ്ടിലെ നെല്ലിക്ക മാധവിയമ്മക്ക്. അതുകൊണ്ടുതന്നെ പ്രായം വെറും സംഖ്യമാത്രമാണ് ഇവർക്ക്. ചെറുപ്പ കാലത്തുള്ള കളരി അഭ്യാസവും പഠനവും തില്ലങ്കേരിയിലെ വെടിവെപ്പുമെല്ലാം ഇന്നലെ കഴിഞ്ഞതു പോലെയാണ് ഇവരുടെ ഓർമകളിൽ ഇന്നും. വാർധക്യസഹജമായ ഒരു അസുഖവും ഇല്ലാതെ ഇന്നും ആരോഗ്യം സംരക്ഷിക്കുന്നത് ചെറുപ്പകാലത്ത് പഠിച്ച കളരിയിലെ അഭ്യാസങ്ങളാണ്.
അഞ്ചാം വയസ്സുമുതൽ ഒമ്പതാം വയസ്സുവരെ ആലയാട്ടെ കളരിയിലായിരുന്നു അഭ്യാസം പഠിച്ചത്. ആ കാലഘട്ടത്തിൽ കളരി പഠിച്ചതിെൻറ അനുഭവങ്ങൾ വലുതാണ്. രാവിലെ നാലിന് എഴുന്നേൽക്കുന്ന മാധവി അമ്മ വിളക്കുവെച്ച് ദിവസം തുടങ്ങും. രാവിലെയും വൈകീട്ടുമായി വ്യായാമം. താമസിക്കുന്ന വീടിനു സമീപത്തുള്ള കാവിൽ മുടങ്ങാതെ വിളക്കുവെക്കുന്നതും കിണറ്റിൽനിന്ന് വെള്ളം ശേഖരിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതും ഇൗ പ്രായത്തിലും മുടക്കിയില്ല.
വിദ്യാഭ്യാസം എന്നത് കീഴ്ജാതിക്കാർക്ക് അപൂർവമായിരുന്ന അന്നത്തെ ഗുരുകുല വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏഴാം ക്ലാസ് വരെ പഠിച്ചിട്ടുമുണ്ട്. മണലിൽ എഴുതി പഠിച്ച കുട്ടിക്കാലത്തെ ഓർമകൾ അയവിറക്കുമ്പോൾ മാധവിയമ്മ വാചാലയാകുകയാണ്. അക്കാലഘട്ടത്തിലെ അധികാരികളുടെ കൊള്ളരുതായ്മകൾക്കിടയിൽ ജീവിച്ചതിലും നല്ലത് ഈ കാലഘട്ടത്തിലെ ജീവിതമാണെന്നും ഇവർ പറയുന്നു. 1948 ലെ തില്ലങ്കേരിയിലെ വെടിവെപ്പ് നടന്നതിനു സമീപത്തുതന്നെയാണ് മാധവി അമ്മയുടെ വീട്. അന്ന് വെടിയേറ്റ് വീണ ആൾക്ക് അച്ഛെൻറ നിർദേശപ്രകാരം വെള്ളം കൊടുത്തത് ഇന്നും പോരാട്ടവീര്യത്തോടെ അവർ പറയുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഒമ്പതാം വയസ്സിൽ മാധവിയമ്മയെ ആലോറ അച്ചു വിവാഹംചെയ്ത് പെരിങ്ങാനത്തേക്ക് കൊണ്ടുപോയി. പോരാട്ടവീഥികളിൽ അന്ന് പാടിത്തീർത്ത സമരഗാനങ്ങൾ ഇന്നും ഓർമപ്പിശകില്ലാതെ മാധവിയമ്മയുടെ ചുണ്ടുകൾ മന്ത്രിക്കുന്നു.
96 വയസ്സിലും കേൾവിക്കുറവോ കാഴ്ചക്കുറവോ ഇല്ല. പത്രവായനക്ക് പുറമെ കർക്കടകത്തിൽ രാമായണം വായിക്കുന്നതും പതിവാണ്. സിനിമയിലും ഷോട്ട് ഫിലിമിലും അഭിനയിച്ചിട്ടുമുണ്ട്. 11 മക്കൾ ഉണ്ടെങ്കിലും അകാലത്തിൽ മൂന്നുപേർ വേർപെട്ടതിെൻറ വേദന ഇന്നും മനസ്സിലുണ്ട്. വർഷങ്ങൾ പഴക്കമുള്ള വീട്ടിലാണ് താമസം. സമീപത്തുള്ള കാവിലെ ദൈവങ്ങൾക്കു കൂട്ടായി. അമ്മയുടെ ഈ ആരോഗ്യത്തിനും ആയുസ്സിനും കാരണം വ്യായാമം ഉൾപ്പെടെയുള്ള ദിനചര്യകളാണെന്ന് മക്കൾ പറഞ്ഞു.
മഹാമാരിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അതിൽനിന്നു എല്ലാവരെയും മുക്തമാക്കണമെന്നുമാത്രമാണ് ദൈവങ്ങളോട് പ്രാർഥിക്കാറുള്ളതെന്നും മാധവിയമ്മ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.