യാത്ര ദുഷ്കരം, അപകടങ്ങൾ പതിവ്; ദുർഘട പാതയായി മാക്കൂട്ടം ചുരം റോഡ്
text_fieldsഇരിട്ടി: യാത്ര ദുഷ്കരമായി അന്തർ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂരു റോഡ്. ഇതിൽ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ 17 കി.മീറ്ററോളം വരുന്ന മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെടുന്ന കാനന പാതയാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളും അഗാധമായ കൊല്ലികളുമുള്ള റോഡ് ഇന്ന് അപകടപാതയാണ്. അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് പാതയിൽ ഉണ്ടായത്.
വീതി കുറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ഇരുവശങ്ങളും വെള്ളമൊഴുകിയുണ്ടായ വലിയ ചാലുകൾ മൂലം റോഡിൽനിന്ന് വാഹനമിറക്കിയാൽ അപകടം ഉറപ്പാണ്. കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ബസുകളും മറ്റ് യാത്ര ബസുകളും അടക്കം 60ഓളം ബസുകൾ മൈസൂരു, ബംഗളൂരു മേഖലകളിലേക്കും, വീരാജ്പേട്ട, മടിക്കേരി അടക്കമുള്ള നഗരങ്ങളിലേക്കും ഇതുവഴി കടന്നു പോകുന്നു. കൂടാതെ ബംഗളൂരു, മൈസൂരു, ഹുൻസൂർ തുടങ്ങിയ കർണാടകത്തിലെ വിവിധ നഗരങ്ങളിൽനിന്നും ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിത്യവും നിരവധി ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് ഇതുവഴിയാണ് എത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച മരം കയറ്റിവന്ന ലോറിയും കോഴി വണ്ടിയും മറിഞ്ഞതിനെ തുടർന്ന് എട്ടുമണിക്കൂറിലേറെയാണ് ചുരം പാതയിൽ ഗതാഗത തടസ്സമുണ്ടായത്. ഒരു വാഹനത്തിനും കടന്നുപോകാനാവാത്ത വിധം റോഡ് പൂർണമായും തടസ്സപ്പെട്ടു. വീരാജ്പേട്ടയിൽനിന്നും എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച് പിക്കപ്പ് വാൻ വലിച്ചുമാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു.
വള്ളിത്തോടുനിന്ന് എത്തിയ വലിയ ക്രെയിൻ ഉപയോഗിച്ച് 11 മണിയോടെ മറിഞ്ഞ ലോറി നിവർത്തിയാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. ഓണാവധിക്കായി ബംഗളുരു, മൈസൂരു തുടങ്ങിയ പട്ടണങ്ങളിൽനിന്നും വന്ന യാത്രക്കാരാണ് മണിക്കൂറുകൾ ബ്രഹ്മഗിരി സങ്കേതത്തിന്റെ ഭാഗമായ കൊടും വനത്തിൽ കുടുങ്ങിയത്.
മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും അടക്കം പലരും വനത്തിലൂടെ ചുരമിറങ്ങി കൂട്ടുപുഴയിൽ എത്തുകയായായിരുന്നു. മാക്കൂട്ടം ചെക്ക് പോസ്റ്റ് കടന്നാൽ 12 കി.മീറ്ററോളം പാതയിൽ വൈദ്യുതി ബന്ധമോ മൊബൈൽ നെറ്റ് വർക്കോ ഇല്ലാത്ത പാതയാണ്. രാത്രിയിൽ വാഹനങ്ങൾ ചുരത്തിൽ അപകടത്തിൽപെട്ടാൽ കൂരിരുട്ടിൽ കഴിയേണ്ട അവസ്ഥയാണ്.
വരുമോ ഹോൾനരസിപ്പുർ-മടിക്കേരി-വീരാജ്പേട്ട പാത?
മുൻ ബി.ജെ.പി സർക്കാറിന്റെ കാലത്ത് കർണാടകത്തിലെ ഹാസൻ ജില്ലയിലെ ചന്നരായപ്പട്ടണത്തുനിന്ന് തുടങ്ങി ഹോൾനരസിപ്പുർ -കൊഡ്ളിപേട്ട -മടിക്കേരി -വീരാജ്പേട്ട വഴി കേരള -കർണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു. അന്നത്തെ മൈസൂരു-കുടക് എം.പി പ്രതാപ് സിംഹക്ക് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രി നിതിൻഗഡ്കരി ഇതുസംബന്ധിച്ച ഉറപ്പു നൽകുകയും ചെയ്തിരുന്നു.
183 കി.മീറ്റർ വരുന്ന പാതക്കായി 1600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, പദ്ധതി എവിടെയുമെത്തിയില്ല. പദ്ധതി യാഥാർഥ്യമായാൽ ചരക്കുഗതാഗതവും മേഖലയിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തെ പ്രയോജനപ്പെടുത്തുന്നതിനും ഏറെ സഹായകരമാകും. അപകടങ്ങൾ തുടർക്കഥയായ ചുരംപാത വീതികൂട്ടി ദേശീയപാതയുടെ ഭാഗമാക്കി മാറ്റിയാൽ ഇതിനെല്ലാം പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.