ജാഗ്രതൈ...! മാക്കൂട്ടം ചുരം പാതയിൽ കൂറ്റൻ മരം കാത്തിരിപ്പുണ്ട്
text_fieldsഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ മഴക്കാലത്തും യാത്രക്കാർ സഞ്ചരിക്കുന്നത് ഭീതിയോടെ. നിലം പൊത്തി വീഴാൻ കാത്തിരിക്കുന്നത് നിരവധി കൂറ്റൻ മരങ്ങളാണ്. ഇരിട്ടി -വിരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരങ്ങൾക്ക് പുറമേ നിലംപൊത്തിയ മരങ്ങളും വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 18 കിലോമീറ്ററോളം വരുന്ന ചുരം പാതയിൽ മാക്കൂട്ടം മുതൽ പെരുമ്പാടി വരെയാണ് റോഡിന്റെ ഇരുവശങ്ങളിലുമായി കൂറ്റൻ മരങ്ങൾ ഏത് നിമിഷവും വീഴാറായ നിലയിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത്.
ഈ കാലവർഷത്തിൽ കാര്യമായ മണ്ണിടിച്ചിൽ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നിരവധി മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗത തടസ്സമുണ്ടായി. റോഡിലേക്ക് വീണ മരങ്ങളുടെ ശിഖരങ്ങൾ മാറ്റിയെങ്കിലും കൂറ്റൻ തടിക്കഷണങ്ങൾ റോഡിനോട് ചേർന്നു തന്നെയാണ് കിടക്കുന്നത്. ഇരു ഭാഗങ്ങളിൽനിന്നും വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വീണു കിടക്കുന്ന മരത്തടിയിൽ തട്ടി അപകടങ്ങൾ സംഭവിക്കുന്നു. ഇതു കാരണം ഏറെ പ്രയാസപ്പെട്ടാണ് ഈവഴിയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന വലിയ മരത്തിന്റെ കമ്പുകളും വള്ളിപ്പടർപ്പുകളും ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഏറെ പ്രയാസം തീർക്കുന്നുണ്ട്.
ദിനംപ്രതി കേരളത്തിൽനിന്ന് ആയിരത്തിലധികം ചരക്ക് യാത്ര വാഹനങ്ങൾ ആണ് ചുരം പാതയിലൂടെ കടന്നുപോകുന്നത്. എന്നാൽ, ഇതിനുള്ള സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് ആവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.