വള്ളിയാട് വയലിലുണ്ട്, മൻമോഹന്റെ തകർക്കപ്പെടാത്ത ഓർമ സ്റ്റേജ്
text_fieldsഇരിട്ടി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കാലയവനികക്കപ്പുറത്തേക്ക് മറയുമ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ നിറയുന്ന ഒരു സ്റ്റേജും ഒരു മൈതാനവും ഇരിട്ടിക്കടുത്ത വള്ളിയാടുണ്ട്. 19 വർഷം മുമ്പ് മലയോര മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൻമോഹൻ സിങ് എത്തിയത് വള്ളിയാട് വയലിലായിരുന്നു.
അന്ന് പ്രധാനമന്ത്രിക്ക് പ്രസംഗിക്കാനായി ചെങ്കല്ലിൽ തീർത്ത സ്റ്റേജ് മൈതാനത്ത് ഇന്നും നിലവിലുണ്ട്. 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി പ്രഫ. എ.ഡി മുസ്തഫയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മൻമോഹൻ സിങ് വള്ളിയാട് വയലിൽ എത്തിയത്. പൊതുസമ്മേളനത്തിന് അഞ്ച് ദിവസം മുന്നേ വീണ്ടും സുരക്ഷാ സംഘം എത്തി സ്റ്റേജിന്റെ ബലക്ഷയം പരിശോധിച്ചു. പരിശോധനയിൽ സ്റ്റേജിന്റെ ഒരു ഭാഗം തകർന്നതായി കണ്ടെത്തി.
ഇതോടെ ഇവിടെ പ്രധാനമന്ത്രി എത്തില്ലെന്നും സുരക്ഷക്ക് ഭീഷണി ആണെന്നും പറഞ്ഞ് എസ്.പി.ജി സംഘം തിരിച്ചുപോയി. ഇതോടെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇടപെട്ട് അഞ്ചു ദിവസം കൊണ്ട് ചെങ്കല്ലിൽ തീർത്ത മനോഹരമായ സ്റ്റേജ് നിർമിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കും സ്ഥാനാർഥികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിഭാഷകനും മാത്രമാണ് ഇതിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. സ്റ്റേജിൽ നിന്ന് 150 മീറ്റർ അകലെ മൂന്ന് താൽക്കാലിക ഹെലിപാഡുകളും നിർമിച്ചിരുന്നു. ഒന്ന് പ്രധാനമന്ത്രിക്കും മറ്റൊന്ന് സുരക്ഷാ ജീവനക്കാർക്കും മൂന്നാമത്തേത് ആരോഗ്യ പ്രവർത്തകർക്കും ഉള്ള ഹെലിപാഡുകളാണ് നിർമിച്ചത്. ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും പ്രദേശത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.