മലയോരത്തിന് പ്രതീക്ഷ; ഏഴാംകടവിൽ മിനി ജലവൈദ്യുതി പദ്ധതി
text_fieldsഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ബാരപോൾ പദ്ധതിക്ക് പിന്നാലെ മറ്റൊരു ജലവൈദ്യുതി പദ്ധതിക്കുകൂടി അനുമതി നൽകിയത് മലയോര ജനതക്ക് ഇരട്ടി മധുരമായി. പഞ്ചായത്തിലെ ഏഴാംകടവിൽ 350 കിലോവാട്ട് ചെറുകിട ജലവൈദ്യുതി പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്.
നിബന്ധനകൾക്ക് വിധേയമായി സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുമതി. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിൽ ബാരാപോളിൽ 18 മെഗാവാട്ടിെൻറ ജലവൈദ്യുതി പദ്ധതി ആറുവർഷം മുമ്പാണ് പ്രവർത്തനക്ഷമമായത്. എൻജിനീയറിങ് ബിരുദധാരികളായ മൂന്നു യുവ സംരംഭകരാണ് ഏഴാം കടവിൽ 350 കിലോവാട്ടിെൻറ സുക്ഷ്മ ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നത്.
കർണാടകത്തിെൻറയും കേരളത്തിെൻറയും മലനിരകളിൽനിന്ന് ഉത്ഭവിച്ച് കുണ്ടൂർ പുഴ വഴി ബാരാപോൾ പുഴയിലെത്തി വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന വെള്ളം പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക ആഘാതമില്ലെന്ന് അധികൃതർ പറയുന്നു. ബാരപോൾ മാതൃകയിൽ, അണക്കെട്ടുകൾ ഒന്നും ഇല്ലാതെ മലനിരകളിൽനിന്ന് ഒഴുകിവരുന്ന വെള്ളത്തെ ചെറിയ ചാലുകൾ വഴി പവർഹൗസിൽ എത്തിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച ശേഷം വീണ്ടും പുഴയിലേക്ക് തന്നെ ഒഴുക്കിവിടുന്ന രീതിയാണ് ഇവിടെ നടപ്പാക്കുന്നത്.
മൂന്നുകോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഒരേക്കറിൽ താഴെ സ്ഥലം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡ് സംരംഭകരായ വിജേഷ് സാം സനൂപും രോഗിത് ഗോവിന്ദനും ജിത്തു ജോർജും പറഞ്ഞു. സർക്കാറിെൻറ 2012ലെ ചെറുകിട ജലവൈദ്യുതി പദ്ധതി നയത്തിെൻറ ചുവടുപടിച്ച് രണ്ടുവർഷം മുമ്പാണ് ഇവർ ചെറുകിട വൈദ്യുതി ഉൽപാദന പദ്ധതിക്കായി സർക്കാറിലേക്ക് സ്വയംതൊഴിൽ സംരംഭം എന്ന നിലയിൽ അപേക്ഷ നൽകിയത്.
പദ്ധതി റിപ്പോർട്ടും രൂപരേഖയും ഇതോടൊപ്പം സർപ്പിച്ചിരുന്നു. എനർജി മാനേജ്മെൻറ് സെൻറർ, കെ.എസ്.ഇ.ബി, ജലസേചന വകുപ്പ് എന്നിവയുടെ ചീഫ് എൻജിനീയറിങ് വിഭാഗത്തിെൻറ റിപ്പോർട്ടും സാധ്യതയും പരിശോധിച്ചാണ് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകാൻ തീരുമാനിച്ചത്. ഇടുക്കിയിൽ നാലു മെഗാവാട്ടിെൻറയും 100 കിലോവാട്ടിെൻറയും ചെറുകിട പദ്ധതിക്ക് നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു.
ഇവയുടെ നിർമാണം നടന്നു വരുകയാണ്. ഇപ്പോൾ അനുമതി ലഭിച്ച ഏഴാം കടവിലെ പദ്ധതിയും യാഥാർഥ്യമായാൽ സംസ്ഥാനത്ത് ഇത്തരത്തിൽ നിരവധി പദ്ധതികൾക്കുള്ള സാധ്യതയാണ് തെളിയുന്നത്. സ്വകാര്യ സംരംഭകർ ഉൽപാദിപ്പിക്കുന്ന വൈദ്യുതി റെഗുലേറ്ററി ബോർഡിെൻറ അനുമതിയോടെ കെ.എസ്.ഇ.ബി തന്നെ യൂനിറ്റിന് നിശ്ചിത വില കണക്കാക്കി വാങ്ങുന്നതിനുള്ള സാധ്യതയും തെളിയുകയാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.