വ്യാജ പെർമിറ്റിൽ കേരളത്തിലേക്ക് ചരക്ക് കടത്തിയ മിനിലോറി പിടിച്ചു; ഡ്രൈവർ അറസ്റ്റിൽ
text_fieldsഇരിട്ടി: കർണാടകത്തിൽനിന്ന് വ്യാജ പെർമിറ്റുണ്ടാക്കി കേരളത്തിലേക്ക് പച്ചക്കറികൾ ഉൾപ്പെടെ കടത്തിയ മിനിലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി. കൂട്ടുപുഴ അതിർത്തിയിൽ വാഹന പരിശോധനക്കിടെയാണ് ലോറി പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ചരക്ക് കൊണ്ടുവരുമ്പോൾ അടക്കേണ്ടുന്ന നികുതിയും അനുബന്ധ ഫീസുകളും ഓൺലൈനിലായി അടച്ചതിന്റെ വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഹുൻസൂരിൽനിന്ന് മാക്കൂട്ടം ചുരംപാത വഴി പച്ചക്കറി കയറ്റിവന്ന ലോറിക്ക് ഫീസുകൾ ഓൺലൈനായി അടച്ചതിന്റെ രേഖയും ഉണ്ടായിരുന്നു.
കൂട്ടുപുഴ ചെക്പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിക്കുന്നതിനിടയിൽ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു. കഴിഞ്ഞ മാസമെടുത്ത പെർമിറ്റ് തീയതി തിരുത്തി പുതിയ പെർമിറ്റ് ആക്കുകയായിരുന്നു. ഡ്രൈവറായ ഹുൻസൂർ സ്വദേശി പ്രതാപിനെ (51) ചോദ്യം ചെയ്യുകയും നിയമനടപടികൾക്കായി ഇരിട്ടി പൊലീസിന് കൈമാറുകയുമായിരുന്നു.
വ്യാജ രേഖ ചമച്ചതിന് പ്രതാപനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഹുൻസൂരിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നുമാണ് പെർമിറ്റെടുത്തതെന്ന് ഇയാൾ മൊഴി നൽകി. ഇതിനായി 2600 രൂപ നൽകിയതായും ഇയാൾ പറഞ്ഞു. ഓൺലൈൻ സ്ഥാപനം കാലാവധി കഴിഞ്ഞ പെർമിറ്റിൽ തീയതി തിരുത്തിനൽകിയെന്നാണ് സംശയിക്കുന്നത്.
മാക്കൂട്ടം-ചുരംപാത വഴി കർണാടകത്തിൽ നിന്നും ദിനം പ്രതി നൂറുകണക്കിന് ചരക്ക് ലോറികളാണ് കേരളത്തിലേക്കെത്തുന്നത്. കൂട്ടുപുഴയിലെ ആർ.ടി.എ ചെക്പോസ്റ്റിൽ ഇത് പരിശോധനക്ക് വിധേയമാക്കാറുമുണ്ട്. പെർമിറ്റ് ഫീസ് അടച്ചതിന്റെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോപ്പിയിൽ തീയതി പരിശോധിച്ച് വിടുകയാണ് പതിവ്.
സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തീയതി മാത്രമാണ് മാറുന്നതെന്ന് മനസ്സിലായത്. ഇത്തരം തട്ടിപ്പുമായി മറ്റു വാഹനങ്ങളും ചരക്കുനീക്കം നടത്തുന്നുണ്ടാകാം എന്ന നിഗമനത്തിലാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സനീഷ് പുതിയ വീട്ടിൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺകുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.