മോട്ടോർ വാഹന പരിശോധന ശക്തം; 6.10 ലക്ഷം പിഴയീടാക്കി
text_fieldsഇരിട്ടി: മലയോര മേഖലയിൽ വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. ജനുവരിയിൽ മാത്രം ഇത്തരത്തിലുള്ള 210 കേസുകളാണ് കണ്ടെത്തിയത്. ഇതിൽ 111 കേസുകളും നികുതി അടക്കാതെയും മറ്റും ഓടിയതിനാണ്. ഫിറ്റ്നസ് ഇല്ലാതെ ഓടിയ 40 കേസുകളും കണ്ടെത്തി.
ഹെൽമറ്റ് ഇല്ലാതെ ഓടിയ 21 ഇരുചക്ര വാഹന ഉടമകൾക്കെതിരെ പിഴയീടാക്കി. ഒരുമാസത്തിനിടയിൽ 6.10 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. വീതികൂട്ടി നവീകരിച്ച തലശ്ശേരി വളവുപാറ റോഡ് സ്ഥിരം അപകടമേഖലയായതോടെ നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം. വളവുപാറ -മട്ടന്നൂർ റൂട്ടിൽ മാത്രം റോഡ് നവീകരിച്ച ശേഷം ജീവൻ പൊലിഞ്ഞത് 12 പേർക്കാണ്. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഈ മാസം ആദ്യം മുതൽ ഇരിട്ടി താലൂക്കിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു.
അമിത വേഗം, അനധികൃത പാർക്കിങ്, കാലഹരണപ്പെട്ട രേഖകൾ ഉപയോഗിക്കൽ, ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതു ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളാണു പിടികൂടിയത്. 11 ദിവസം കൊണ്ട് 170 കേസുകൾ മോട്ടോർ വാഹന വകുപ്പ് എടുത്തിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപ പിഴയും ഈടാക്കിയിരുന്നു. ഇരിട്ടി ജോ. ആർ.ടി.ഒ എ.സി. ഷീബയുടെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.