തൊഴിലുറപ്പിനിടെ കടന്നൽക്കുത്തേറ്റ് ഒമ്പതുപേർക്ക് പരിക്ക്
text_fieldsഇരിട്ടി: പായം ഏച്ചിലത്ത് തൊഴിലുറപ്പ് പ്രവൃത്തിക്കിടെ ഒമ്പത് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു. ഇതിനിടയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെയും ഇരുചക്രവാഹന യാത്രക്കാരെയും കടന്നലുകൾ ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
തൊഴിലുറപ്പ് തൊഴിലാളികൾ കാടുവെട്ടിത്തെളിക്കുന്നതിനിടയിലാണ് കടന്നൽക്കുത്തേറ്റത്. ആദ്യം കടന്നൽ ആക്രമിച്ചത് കമലാക്ഷിയെയാണ്. കുത്തേറ്റതിനെ തുടർന്ന് കമലാക്ഷി ഓടി സമീപത്തുള്ള തോട്ടിൽ ചാടുകയായിരുന്നു. കമലാക്ഷിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് പായം കോണ്ടമ്പ്ര സ്വദേശികളായ ജയന്തി, രോഹിണി, ധന്യ, സരസ്വതി, വിജയൻ, ബിന്ദു എന്നീ തൊഴിലാളികൾക്കും കുത്തേറ്റത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാർക്കും കടന്നൽക്കുത്തേറ്റു. എരുമത്തടത്തെ ഗോഡൗണിൽ കൂലിപ്പണിക്കാരനായ മനോജിനാണ് ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിൽ കുത്തേറ്റത്. ഇതുവഴി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന ഏച്ചിലം സ്വദേശി കരുണാകരനും കടന്നൽക്കുത്തേറ്റു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.