കെട്ടിടമുണ്ട്, ഡോക്ടറില്ല; പ്രസവചികിത്സ അവതാളത്തിൽ
text_fieldsഇരിട്ടി: ഏറെനാളത്തെ മുറവിളിക്കുശേഷം ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടിട്ടും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രസവചികിത്സ ആരംഭിക്കാത്തത് ആദിവാസികളടക്കം നൂറുകണക്കിന് മലയോര വാസികളെ ദുരിതത്തിലാക്കുന്നു. എൻ.എച്ച്.എം ഫണ്ടായി 3.19 കോടി ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ മാതൃശിശു വാർഡിന്റെ നിർമാണം പൂർത്തിയാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്പാണ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത്.
ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ അനുവദിച്ചുകിട്ടിയ ഗൈനക്കോളജി തസ്തിക പോലും നിലനിർത്താനുമാകുന്നില്ല. രണ്ട് ഡോക്ടർമാരും അവധിയിൽ പ്രവേശിച്ചതോടെ ഫലത്തിൽ ഗൈനക്കോളജി വിഭാഗം തന്നെ ഇല്ലാതായി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി മാതൃശിശു വാർഡിനായി ആദ്യം പണിത കെട്ടിടം ആശുപത്രിയുടെ ഒ.പിയായും ഫാർമസിയായും ഡയാലിസിസ് സെന്ററുമാക്കി മാറ്റി.
ഇതേ കെട്ടിടത്തിന്റെ രണ്ടാം നിലയാണ് മാതൃ ശിശു വാർഡാക്കി മാറ്റിയത്. ഉദ്ഘാടന സമയത്തെ വാഗ്ദാനം ഒരാഴ്ചക്കുള്ളിൽ ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുമെന്നും മേഖലയിലെ മികച്ച ഗൈനക്കോളജി വിഭാഗമായി താലൂക്ക് ആശുപത്രി വികസിക്കുമെന്നുമായിരുന്നു.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേത് ഉൾപ്പെടെ പാവപ്പെട്ട നിരവധി പേർ പ്രസവ ചികിത്സക്കും മറ്റുമായി സ്വകാര്യ ആശുപത്രികളെയും കിലോമീറ്ററുകൾ അകലെയുള്ള മറ്റ് സർക്കാർ ആശുപത്രികളേയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ പ്രസവമുറി, ഓപറേഷൻ മുറി, തീവ്ര പരിചരണ യൂനിറ്റ്, നവജാത ശിശു ഐ. സി. യു, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡുകൾ, ഇതിലെ ഉപകരണങ്ങൾ എന്നിവയെല്ലാം നശിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.