മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ
text_fieldsഇരിട്ടി: ജില്ലക്ക് തന്നെ അഭിമാനമായി മലയോര പഞ്ചായത്തായ പായം ഇനി പാർക്കുകളുടെ ഗ്രാമം. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾക്ക് മനോഹാരിതയേകുന്നത്.
മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന ദുർഗന്ധം വമിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് പാർക്കുകളായി മാറിയിരിക്കുന്നത് . തലശേരി- മൈസൂർ അന്തർസംസ്ഥാന പാതയിൽ ഇരിട്ടി മുതൽ കൂട്ടുപുഴ വരെയുള്ള പ്രധാന റോഡ് കടന്നുപോകുന്നത് പായം പഞ്ചായത്തിലൂടെയാണ്. പാതയോരത്തെ കാടുപിടിച്ച് മാലിന്യം നിറയുന്ന സ്ഥലങ്ങളിലാണ് ചെറിയ പാർക്കുകളും വിശ്രമ സംവിധാനങ്ങളും ജനകീയ പങ്കാളിത്തതോടെ ഒരുക്കിയിരിക്കുന്നത് . ജനങ്ങളിൽ ശുചിത്വ ബോധം വളർത്തുന്നതിനുള്ള ശ്രമകരമായ ജോലിയാണ് പഞ്ചായത്ത് ഉന്നം വെക്കുന്നത് .
പായം പഞ്ചായത്തിലെ 11ാമത് പാർക്ക് പുഴയോരം ഹരിതാരാമം ദിവസങ്ങൾക്കു മുമ്പാണ് പഞ്ചായത്ത് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കല്ലുമുട്ടിയിൽ തലശ്ശേരി വളവുപാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി നിർമിച്ച പാർക്ക് കാടുകയറി മാലിന്യം നിറഞ്ഞ സ്ഥലം വെട്ടിത്തെളിച്ച് ചെടികളും ഇരിപ്പിടങ്ങളും ഒരുക്കിയാണ് നിർമിച്ചിരിക്കുന്നത്. പഴശ്ശി പദ്ധതിയുടെ തീരത്ത് പാർക്ക് ഒരുക്കുന്നതും പരിപാലനവും ഹരിത കർമസേനയാണ്.
ഒരുമ റെസ്ക്യൂ ടീമിന്റെ വള്ളിത്തോടിൽ നിർമിച്ച പാർക്കുകളിൽ ഒന്ന്
ഇരിട്ടി പാലത്തിന് സമീപം ഗ്രീൻ ലീഫ് നിർമിച്ച് പരിപാലിക്കുന്ന മനോഹരമായ പാർക്ക് പഞ്ചായത്ത് സംഘടനകളുമായി കൈകോർത്ത് പാർക്കുകൾ നിർമിക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്. മൂസാൻ പീടികയിലും, കുന്നോത്തും, കച്ചേരികടവ് പാലത്തിന് സമീപം എൻ.എസ്.എസ് നിർമിച്ച പാർക്കുകൾ ഹരിതകർമ സേനയും ഓട്ടോ തൊഴിലാളികളും തുടങ്ങി വിവിധ സംഘടനകൾ ഏറ്റെടുത്ത് പരിപാലിച്ചു പോരുന്നു.
വള്ളിത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുമ റെസ്ക്യൂ ടീം പായം പഞ്ചായത്തിലെ വള്ളിത്തോടിലും പരിസരങ്ങളിലുമായി ‘ഒരുമ ചില്ല’ എന്നപേരിൽ നാലു പാർക്കുകളാണ് നിർമിച്ചിരിക്കുന്നത്. വള്ളിത്തോട് മാർക്കറ്റിനുള്ളിൽ രണ്ടും അന്തർസംസ്ഥാന പാതയിൽ ഫെഡറൽ ബാങ്കിന് സമീപവും എഫ്.എച്ച്.സിക്ക് സമീപവുമാണ് മറ്റു രണ്ട് പാർക്കുകൾ നിർമിച്ചിട്ടുള്ളത്. അഞ്ചാമത്തെ പാർക്കിന്റെ പ്രവൃത്തി ആനപ്പന്തി കവലക്ക് സമീപം പൂർത്തിയായി വരുന്നുണ്ട്.
കൂടാതെ വഴിയോരത്ത് ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും എൻ.എസ്. എസ് വളന്റിയർമാർ നിർമിച്ച പാർക്കുകളുടെ പരിപാലനവും ഒരുമ ഏറ്റെടുക്കുന്നുണ്ട്. ‘അഴുക്കിൽ നിന്നും അഴകിലേക്ക്’ എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് ജില്ല തലത്തിലുള്ള അംഗീകാരവും ഒരുമക്ക് ലഭിച്ചിട്ടുണ്ട്.
ഇരിട്ടിയിൽ ഏറെ സന്ദർശകർ എത്തുന്ന പെരുമ്പറമ്പിലെ ഇക്കോ പാർക്ക് ഇന്ന് സന്ദർശകരുടെ ഇഷ്ട താവളമാണ്. പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാർക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്. ജില്ലയുടെ ഹരിത ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഇരിട്ടി ഇക്കോ പാർക്ക്. ജില്ലയുടെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഇരിട്ടി ഇക്കോ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്നത്.
പഴശ്ശി പദ്ധതിയോട് ചേർന്ന് ജബ്ബാർക്കടവിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പാർക്ക് ഹരിത ടൂറിസം പദ്ധതിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പാർക്കുകൂടിയാണ്. നിരവധി ആളുകളാണ് വൈകീട്ട് ചെറുതും വലുതുമായ പാർക്കിൽ കുടുംബസമേതം എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.