തല ചായ്ക്കാൻ ഇടമില്ല; ദുരിതം പേറി അമ്മയും മകളും
text_fieldsഇരിട്ടി: ഏത് നിമിഷവും നിലം പൊത്താറായ ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതം പേറി കഴിയുകയാണ് ആറളം പഞ്ചായത്തിലെ നെടുമുണ്ടയിൽ താമസിക്കുന്ന ലതയും മകളും. വൈദ്യുതി പോലുമില്ലാതെ ടാർപോളിൻ കൊണ്ട് മറച്ച വീട്ടിലാണ് മാപ്പിളകുന്നേൽ ലതയും 21 വയസ്സുള്ള ഭിന്നശേഷിക്കാരി ആദിത്യയും ദിവസങ്ങൾ തള്ളിനീക്കുന്നത്.
ഏഴുവർഷത്തിലധികമായി ഈ കൂരയിൽ ജീവിക്കുന്ന ഇവർ ശക്തമായ മഴ പെയ്യുമ്പോൾ താമസിക്കുന്ന കുടിൽ പൊളിഞ്ഞു വീഴുമെന്ന ഭീതിയിൽ പുറത്തേക്ക് ഇറങ്ങി നിൽക്കാറാണ് പതിവ്. ഇപ്പോൾ താമസിക്കുന്ന ചെറിയ കൂര സഹോദരിയുടെ സ്ഥലത്താണ്. ഇതിനു സമീപം മൂന്നു സെൻറ് സ്ഥലമാണ് ലതക്കുള്ളത്.
അവിടെ ഒരു വീട് വെക്കാനാണ് ലതയുടെ ശ്രമം. ലൈഫ് ഭവന പദ്ധതിയിൽ നിന്നും വീട് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. ഇതിനായി ഇവർ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ട് കാത്തു നിൽക്കുകയാണ്.
ലത കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. പക്ഷേ അസുഖം കാരണം ഇപ്പോൾ പണിക്ക് പോകാൻ സാധിക്കുന്നില്ലെന്ന് ലത പറഞ്ഞു. മകൾക്ക് ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ അതിന്റെ ചികിത്സക്കും പണം ആവശ്യമുണ്ട്. അയൽവാസികളാണ് മരുന്നിനും മറ്റുമുള്ള പണം ഇവർക്ക് നൽകി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.